സൗരവ് ഗാംഗുലി ടീം ഇന്ത്യയുടെ പരിശീലകനായേക്കും

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കും. നിലവിലെ കോച്ച് ഡങ്കൻ ഫ്ളെച്ചർ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണിത്.
 | 
സൗരവ് ഗാംഗുലി ടീം ഇന്ത്യയുടെ പരിശീലകനായേക്കും

 

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കും. നിലവിലെ കോച്ച് ഡങ്കൻ ഫ്‌ളെച്ചർ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണിത്. ബി.സി.സി.ഐ പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയയും ഗാംഗുലിയും തമ്മിൽ കൊൽക്കത്തയിൽ വച്ച് ഇന്നു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ കോച്ചാകാൻ ഗാംഗുലി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ ബി.സി.സി.ഐയുടെ ഭാഗത്തു നിന്ന് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നാണറിയുന്നത്. പരിശീലകനാകാൻ താൽപര്യമുള്ളവർ തൽസ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കണം. പിന്നീട് ബി.സി.സി.ഐ നേതൃത്വമടങ്ങുന്ന വിദഗ്ധ പാനൽ അഭിമുഖത്തിലൂടെയാണ് പരിശീലകനെ തെരഞ്ഞെടുക്കുക.

ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ നായകന്മാരിൽ ഒരാളാണ് ദാദ എന്നും ബംഗാൾ കടുവയെന്നും വിളിപ്പേരുള്ള ഈ ഇടങ്കയ്യൻ ബാറ്റ്‌സ്മാൻ. 1992ൽ ലോഡ്‌സിൽ അരങ്ങേറ്റം കുറിച്ച ഗാംഗുലി 36-ാം വയസ്സിൽ വിരമിക്കുന്നതിനിടെ 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ചു. അതേസമയം ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെയും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. കോച്ചിനെ സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 26നു ചേരുന്ന ബി.സി.സി.ഐ പ്രവർത്തക സമിതി യോഗത്തിലുണ്ടാകുമെന്നാണ് സൂചന.