ലങ്കയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക സെമിയിൽ

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം.
 | 
ലങ്കയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക സെമിയിൽ

 

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം. 134 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു. അർധസെഞ്ച്വറി നേടി (78) ക്വിന്റൺ ഡി കോക്ക് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു. പുറത്താകാതെ നിന്ന് ഡു പ്ലെസിസ് (21) ഡി കോക്കിനെ പിന്തുണച്ചു. ശ്രീലങ്കക്ക് വേണ്ടി ലസിത് മലിങ്കയാണ് ഹാഷിം ആംലയുടെ (16) വിക്കറ്റെടുത്തത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയ്ക്ക് തുടക്കത്തിൽ തന്നെ കാലിടറി. ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് മുൻപിൽ അടിപതറിയ ശ്രീലങ്ക 37 ഓവറിൽ 133 റൺസെടുത്ത് ഓൾ ഔട്ടാവുകയായിരുന്നു. 45 റൺസെടുത്ത കുമാർ സംഗക്കാരയും 41 റൺസെടുത്ത തിരിമാനെയുമാണ് ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് മുൻപിൽ അൽപ്പമെങ്കിലും പിടിച്ച് നിന്നത്. 26 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഇമ്രാൻ തഹീറാണ് ശ്രീലങ്കയുടെ ആക്രമണത്തിന് തുരങ്കം വച്ചത്. ജെപി ഡുമിനി ഹാട്രിക്കും സ്വന്തമാക്കി. ഇമ്രാൻ തഹീറാണ് മാൻ ഓഫ് ദി മാച്ച്.