ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക; മൂന്നാം ഏകദിനത്തിൽ 4 റൺസ് വിജയം

ദക്ഷിണാഫ്രിക്ക 287/10, ഇന്ത്യ 283/10 
 | 
cricket

അവസാന നിമിഷങ്ങളിൽ ദീപക് ചാഹർ നടത്തിയ ചെറുത്തുനിൽപ്പും ഇന്ത്യയെ രക്ഷിക്കാനായില്ല. ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 എന്ന വിജയലക്ഷ്യത്തിന്റെ വളരെ അടുത്തെത്തി ഇന്ത്യ വീണു. 49.2 ഓവറിൽ 283 റൺസിന് ഓൾഔട്ട്. അവസാന ഓവറിൽ ആറു റൺസ് മാത്രമായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ യുസ്വേന്ദ്ര ചാഹലിനും പ്രതീഷ് കൃഷ്ണക്കും ടീമിനെ അവിടേക്ക് എത്തിക്കാനായില്ല.

ടോസ് നഷ്ടമായി ബാറ്റിം​ഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണർ മാലനെയും നായകൻ ബാഹുമയേയും വേ​ഗത്തിൽ നഷ്ടമായി. നാലാമനായി എത്തിയ മാർക്രമും വേ​ഗം പുറത്തായി. എന്നാൽ വാൻ ദെർ ദസ്സനെ കൂട്ടുപിടിച്ച് ക്വിന്റൻ ഡികോക് ദക്ഷിണഫ്രിക്കയെ മുന്നോട്ട് നയിച്ചു. 130 പന്തിൽ 12 ഫോറും 2 സിക്സും പറത്തി ഡികോക് 124 റൺസെടുത്തു. ദസ്സൻ 52, മില്ലർ 39 എന്നിവരും ദക്ഷിണാഫ്രിക്കയുടെ സ്കോർ 287 എത്താൻ സഹായിച്ചു. പരമ്പരയിൽ ആദ്യമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഓൾഔട്ടാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രതീഷ് കൃഷ്ണ, 2 വിക്കറ്റ് വീതം വീഴ്ത്തിയ ബുംമ്ര, ദീപക് ചാഹർ എന്നിവരാണ് പന്തുകൊണ്ട് തിളങ്ങിയത്.

നായകൻ രാഹുലിനെ ഇന്ത്യക്ക് ആദ്യമേ നഷ്ടമായി. എന്നാൽ ധവാൻ- കോഹ്‍ലി സഖ്യം നന്നായി കളിച്ചു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 61 റൺസെടുത്ത ശിഖർ ധവാനും 65 റൺസെടുത്ത കോഹ്‍ലിയും പുറത്തായ ശേഷം 54 റൺസെടുത്ത ചാഹർ മാത്രമാണ് പൊരുതിയത്. സൂര്യകുമാർ യാദവ് 39ഉം ശ്രേയസ് അയ്യർ 26ഉം നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫെലുക്കവായോ, എൻ​ഗിഡി എന്നിവർ 3ഉം പ്രീട്ടോറിയസ് രണ്ട് വിക്കറ്റും വീഴ്ത്തി. 

ഡീകോക്കാണ്  കളിയിലേയും പരമ്പരയിലേയും താരം.