യുഎഇയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 146 റൺസിന്റെ ജയം
വെല്ലിങ്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 146 റൺസിന്റെ തകർപ്പൻ ജയം. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ നാലാമത്തെ ജയമാണിത്. സ്കോർ: ദക്ഷിണാഫ്രിക്ക- ആറ് വിക്കറ്റിന്് 341, യുഎഇ 195ന് എല്ലാവരും പുറത്ത്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 341 റൺസെടുത്തു. ക്യാപ്റ്റൻ ഡിവില്ലിയേഴ്‌സ് അടിച്ചെടുത്ത 99 റൺസായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയത്തിന്റെ കാതൽ. 82 പന്തുകളിൽ നിന്നായി നാലു സിക്‌സും ആറു ഫോറുമാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിൽ നിന്നും പിറന്നത്. ബെഹർദ്ദീന്റെ മികച്ച ബാറ്റിങ് ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 300ലെത്തിച്ചു. ബെഹർദീൻ 31 പന്തിൽ നിന്നായി 64 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ താരങ്ങളിൽ എസ്.പി. പാട്ടീൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യൻ വംശജനായ പാട്ടീൽ 57 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡിവില്ലിയേഴ്‌സ്, ഫിലാൻഡർ, മോർക്കൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.