ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് 31 റൺസ് വിജയം

 | 
india south africa

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 31 റൺസിന്റെ വിജയം.  മധ്യനിര ശോഭിക്കാതെ പോയ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 റൺസ് പിൻതുടർന്ന ടീം ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് മാത്രമാണ് നേടാനായത്. ടെബാ ബാവുമ, റെസി വാൻ ദർ ദെസൻ എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് ​ദക്ഷിണാഫ്രിക്ക വൻ സ്കോർ പടുത്തുയർത്തിയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ബാവുമ ബാറ്റിം​ഗ് തെരഞ്ഞെടുത്തു. ജാനേമൻ മാലന്റെ വിക്കറ്റ് ആദ്യമേ ബുംമ്ര വീഴ്ത്തിയെങ്കിലും ക്വന്റൻ ഡീകോക്ക് പിടിച്ചു നിന്നു. 4 റൺസെുത്ത മാക്രം റണ്ണൗട്ടായി. 41 പന്തിൽ 27 റൺസെടുത്ത ഡീകോക്കിനെ അശ്വിൻ ബൗൾഡാക്കി. പിന്നീട് ഒത്തുചേർന്ന ബാവുമ- വാൻ ദെർ ദെസൻ സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. 3ന് 68 എന്ന നിലയിൽ ഒത്തുചേർന്ന ഇരുവരും 204 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ബാവുമ 143 പന്തിൽ 110 റൺസും വാൻ ദെർ ദെസൻ പുറത്താകാതെ 96 പന്തിൽ 129 റൺസും നേടി. ഇന്ത്യക്കായി ബുംമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.

ഓപ്പണറായി നായകൻ രാഹുൽ നിരാശപ്പെടുത്തിയെങ്കിലും ശിഖർ ധവാൻ തകർത്തു കളിച്ചു. രണ്ടാം വിക്കറ്റിൽ കോഹ്‍ലിയും ധവാനും 92 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ധവാൻ 79 റൺസിന് പുറത്തായ ശേഷം കോഹ്‍ലിക്ക് മധ്യനിരയുടെ പിന്തുണ ലഭിച്ചില്ല. കോഹ്‍ലി 51 റൺസെടുത്തു. ശ്രേയസ് അയ്യർ 17ഉം പന്ത് 16 ഉം വെങ്കിടേഷ് അയ്യർ 2 റൺസെ‌ടുത്തും പുറത്തായി. 43 പന്തിൽ 50 റൺസെടുത്ത് പുറത്താകാതെ നിന്ന ശർദൂൽ താക്കൂർ ആണ് സ്കോർ 250 കടത്തിയത്.  ദക്ഷിണാഫ്രിക്കക്കായി എൻ​ഗിഡി, ഷംസി, ഫെലുക്കുവായോ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.