സിറ്റിയുടെ വിജയക്കുതിപ്പ് തടഞ്ഞ് സൗത്താംപ്റ്റൺ; യുണൈറ്റഡിന് ജയം
സൗത്താംപ്റ്റൺ 1- 1 മാഞ്ചസ്റ്റർ സിറ്റി ; മാഞ്ചസ്റ്റർ യുണൈറ്റഡ് 1- 0 വെസ്റ്റ്ഹാം

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗിലെ തുടർച്ചയായ 12 മത്സരങ്ങളുടെ വിജയകുതിപ്പിന് സൗത്താംപ്റ്റൺ തടയിട്ടു. ഏഴാം മിനിറ്റിൽ ലീഡ് നേടിയ സൗത്താംപ്റ്റണെ 65ാം മിനിറ്റിൽ സിറ്റി സമനിലയിൽ പിടിച്ചെങ്കിലും വിജയഗോൾ കണ്ടെത്താൻ നിലവിലെ ചാമ്പ്യൻമാർക്ക് കഴിഞ്ഞില്ല. ഒക്ടോബറിന് ശേഷം ആദ്യമായിട്ടാണ് ലീഗിൽ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തുന്നത്. 23 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റിക്ക് 57 പോയിന്റാണ് ഉള്ളത്.
പ്രതിരോധ താരം കെയിൽ വാക്കർ പീറ്റേഴ്സിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണ് ഏഴാം മിനിറ്റിൽ പിറന്നത്. 68മത്തെ മത്സരത്തിലായിരുന്നു അദേഹത്തിന്റെ ഗോൾ. പിന്നാലെ സിറ്റി ആക്രമണം ശക്തമാക്കിയെങ്കിലും ഗോൾ പിറന്നില്ല. 65ാം മിനിറ്റിൽ കെവിൻ ഡിബ്രൂണെയുടെ ഫ്രീകിക്കിന് തലവച്ച് അയ്മറിക് ലപോർട്ട് ആണ് സമനില ഗോൾ നേടിയത്. പിന്നാലെ നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും സിറ്റിക്ക് അതൊന്നും ഗോളാക്കാനായില്ല.
ഈ സമനിലയിൽ നേടിയ 1 പോയിന്റോടെ പെപ് ഗാർഡിയോള പ്രീമിയർലീഗിൽ 500 പോയിന്റ് തികച്ചു. ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്നും 500 പോയിന്റ് നേടുന്ന പരിശീലകനായി മാറി പെപ്പ്. 213 മത്സരങ്ങളിൽ നിന്നാണ് പെപ് 500 മറികടന്നത്. 231 കളികളിൽ നിന്നും 500 പോയിന്റ് നേടിയ ഹോസെ മൊറിഞ്ഞോയെയാണ് പെപ്പ് ഗാർഡിയോള മറികടന്നത്.
93ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാർക്കസ് റാഷ്ഫോഡ് നേടിയ ഗോളാണ് വെസ്റ്റാമിനെതിരെതിരെ യുണൈറ്റഡിനെ വിജയത്തിലെത്തിച്ച്. ഇതോടെ വെസ്റ്റാമിനെ മറികടന്ന് യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് എത്തി. 22 കളിയിൽ നിന്ന് യുണൈറ്റഡിന് 38ഉം 23 കളിയിൽ നിന്ന് വെസ്റ്റ്ഹാമിന് 37ഉം പോയിന്റാണ് ഉള്ളത്.
മറ്റു കളികളിൽ നോർവിച്ച് സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് വാറ്റ്ഫോഡിനേയും ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിന് എവർട്ടണേയും വൂൾവർഹാംപ്റ്റൺ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രെന്റ്ഫോഡിനേയും തോൽപ്പിച്ചു. ന്യൂകാസിൽ യുണൈറ്റഡ് ഒരു ഗോളിന് ലീഡ്സിനേയും മറികടന്നു.
ഇന്നത്തെ കളികളിൽ ആഴ്സണൽ, ബേൺലിയേയും ലിവർപൂൾ ക്രിസ്റ്റൽ പാലസിനേയും ചെൽസി ടോട്ടനം ഹോട്ട്സ്പർസിനേയും ബ്രൈറ്റൺ, ലെസ്റ്റർ സിറ്റിയേയും നേരിടും.