മൂന്നാം ജയത്തോടെ ടോട്ടനം മുന്നിൽ; മാൻയുവിനും ബാഴ്സക്കും ജയം, അത്‍ലറ്റിക്കോ മാഡ്രിഡിന് സമനില

 | 
son min hueing


പ്രീമിയർ ലീ​ഗിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ടോട്ടനം ഹോട്ട്സ്പർ പുതിയ സീസണിലെ തുടക്കം മികച്ചതാക്കി. ഞായറാഴ്ച്ച നടന്ന കളിയിൽ എതിരില്ലാത്ത ഒരു ​ഗോളിന് വാറ്റ്ഫോർഡിനെയാണ് അവർ തോൽപ്പിച്ചത്. സൺ മിൻ ഹ്യൂങ്ങാണ് ​ഗോൾ നേടിയത്. ഇതോടെ ഒമ്പത് പോയിന്റോടെ ടോട്ടനം പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.  

വൂൾവർഹാംറ്റണുമായുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എൺപതാ മിനിറ്റിലെ ​ഗോളിലൂടെ കഷ്ടിച്ചു കടന്നു കൂടി. മേസൺ ​ഗ്രീൻവുഡ് ആണ് സ്ക്കോർ ചെയ്തത്. കളിയിൽ വൂൾവ്സ് ധാരളം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ​ഗോളടിക്കാൻ സാധിച്ചില്ല. പ്രീമിയർ ലീ​ഗിലെ മറ്റൊരു മത്സരത്തിൽ ബേൺലിയും ലീഡ്സ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. 

ലാലീ​ഗയിൽ ബാഴ്സലോണ ​ഗറ്റാഫെയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് തോൽപ്പിച്ചത്. സെർജി റോബർട്ടോ, മെംഫിസ് ഡിപേ എന്നിവരാണ് ​ഗോളടിച്ചത്. സാൻട്രോ റമീറസ് ​ഗറ്റാഫയുടെ ​ഗോൾ നേടി.

അത്‍ലറ്റിക്കോ മാഡ്രിഡ്- വിയ്യാറയൽ മത്സരം രണ്ടു​ഗോൾ സമനിലയിലാണ് പിരിഞ്ഞത്. നാലു ​ഗോളും രണ്ടാം പകുതിയിലാണ് വീണത്. ഒരു ​ഗോൾ ലൂയിസ് സുവാരസ് നേടിയപ്പോൾ രണ്ടാമത്തേത് ഓൺ​ഗോളായിരുന്നു. മനു ട്രി​ഗാറിയസിലൂടെ വിയ്യാറയലാണ് ആദ്യം ലീഡെടുത്തത്. എന്നാൽ പിന്നാലെ സുവാരസ് ​ഗോൾ മടക്കി. പക്ഷെ എഴുപത്തി നാലാം മിനിറ്റിൽ അർനൗട്ട് ദാൻജുമയിലൂടെ വിയ്യാറയൽ ലീഡ് നേടി. പിന്നീട് സമനിലക്കായി പൊരുതിക്കളിച്ച അത്‍ലറ്റിക്കോക്ക് കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെയാണ് അത് നേടാനായത്. വിയ്യാറയൽ താരം ഐസാ മാന്റിയുടെ കാലിൽ തട്ടിയാണ് ​ഗോൾ പിറന്നത്. 
ലീ​ഗിൽ ഏഴുപോയിന്റുമായി റയൽ, ബാഴ്സ, അത്‍ലറ്റിക്കോ, വലൻസിയ, സെവിയ്യ, മല്ലോർക്ക എന്നിവർ മുന്നിട്ടു നിൽക്കുന്നു.