ലോകകപ്പ് ക്വാർട്ടർ; ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാൻ ശ്രീനിവാസൻ ഇടപെട്ടെന്ന് മുസ്തഫ കമാൽ

ലോകകപ്പ് ക്വാർട്ടറിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാൻ എൻ. ശ്രീനിവാസൻ ഇടപെട്ടിരുന്നതായി ഐ.സി.സി മുൻ പ്രസിഡന്റ് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തൽ.
 | 

ലോകകപ്പ് ക്വാർട്ടർ; ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാൻ ശ്രീനിവാസൻ ഇടപെട്ടെന്ന് മുസ്തഫ കമാൽ

ധാക്ക: ലോകകപ്പ് ക്വാർട്ടറിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാൻ എൻ. ശ്രീനിവാസൻ ഇടപെട്ടിരുന്നതായി ഐ.സി.സി മുൻ പ്രസിഡന്റ് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തൽ. ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നൽകിയ അഭിമുഖത്തിലാണ് കമാൽ ശ്രീനിവാസനെതിരെ ആരോപണമുന്നയിച്ചത്. ഇന്ത്യയിൽ ഐ.പി.എല്ലിൽ ചെയ്ത കാര്യങ്ങൾ തന്നെയാണ് ശ്രീനിവാസൻ ഐ.സി.സി ചെയർമാൻ സ്ഥാനത്തിരുന്നും ചെയ്തതെന്നും ആ കളി നീതിപൂർവമായിരുന്നില്ലെന്നും കമാൽ പറഞ്ഞു.

തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് കമാൽ ശ്രീനിവാസനെതിരെ ആഞ്ഞടിച്ചത്. മത്സര ദിവസം സ്‌പൈഡർ ക്യാമറ ഉപയോഗിക്കാത്തതും വലിയ സ്‌ക്രീൻ ഉപയോഗിക്കാത്തതുമെല്ലാം ശ്രീനിവാസന്റെ ഇടപെടൽ മൂലമാണെന്ന് കമാൽ വ്യക്തമാക്കാന്നു. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലല്ലാതെ ക്യാമറയില്ലാതെ മെൽബണിൽ വേറെ കളികൾ നടന്നിട്ടില്ല. അടുത്ത കളിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ ഇതെല്ലാം അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മുസ്തഫ ചോദിക്കുന്നു.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അംപയർമാരുടെ തെറ്റായ തീരുമാനമാണ് ബംഗ്ലാദേശിനെ തോൽപിച്ചതെന്ന് ബംഗ്ലാദേശ് പ്രസിഡന്റ് ഷേക് ഹസീന ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. 40 ഓവറിൽ നാലിന് 196 എന്ന സ്‌കോറിൽ നിൽക്കെ രോഹിത് ശർമ്മ അടിച്ച പന്ത് നോബോൾ വിളിച്ചതാണ് അന്ന് വിവാദമായത്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അന്നു തന്നെ മുസ്തഫ കമാൽ ആവശ്യപ്പെട്ടിരുന്നു.