ബാഴ്സിലോണക്കും പിഎസ്ജിക്കും ബയേണിനും വിജയം; റയലിന് പൊരുതി നേടിയ സമനില

ലാലീഗയിൽ എൽഷേക്കെതിരെ പരാജയത്തിന്റെ വക്കിൽ നിന്നും റയൽമാഡ്രിഡ് പൊരുതി കളിച്ച് സമനില നേടി. 33ാം മിനിറ്റിൽ കരീം ബെൻസെമ പെനാൽറ്റി നഷ്ടമാക്കിയ കളിയിൽ 82,92 മിനിറ്റുകളിലെ ഗോളുകളാണ് ടീമിനെ സമനിലയിലെത്തിച്ചത്. 42ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ എൽഷെ 76ാം മിനിറ്റിൽ ലീഡുയർത്തി. കൈവിട്ടുപോയി എന്നു തോന്നിയ കളിയിൽ ഡേവിഡ് ആൽബക്ക് ലഭിച്ച പെനാൽറ്റി ഗോളാക്കി ലൂക്കാ മോഡ്രിച്ച് ആദ്യ ഗോൾ നേടി. 90 മിനിറ്റും കഴിഞ്ഞ് ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് റയലിന്റെ സമനില ഗോൾ പിറന്നത്. വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്നും മിലിറ്റാവോ ആണ് ഗോൾ നേടിയത്.
ഡിപോർട്ടീവോ അലാവേസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സിലോണ പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് നീങ്ങിയ കളിയിൽ 87ാം മിനിറ്റിൽ ഫ്രാങ്കി ഡിയോങ് ആണ് ബാഴ്സയുടെ ഗോൾ നേടിയത്. ഇതോടെ 21 കളികൾ പൂർത്തിയാക്കിയ ബാഴ്സ പട്ടികയിൽ 35 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് എത്തി. 22 കളികളിൽ നിന്നും ഒന്നാം സ്ഥാനത്തുള്ള റയലിന് 50 പോയിന്റാണ് ഉള്ളത്.
മറ്റ് കളികളിൽ ബിൽബാവോയും ഒസാസുനയും വിജയിച്ചപ്പോൾ സോസിദാദ്- ഗറ്റാഫെ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ബുഡേസ് ലീഗിൽ ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഹെൽത്ത ബെർലിനെ തോൽപ്പിച്ചു. ടൊളിസോ, മുള്ളർ, ലിയോറി സനെ, ഗനാബ്രി എന്നിവർ ബയേണിനായി ഗോൾ നേടിയപ്പോൾ ഹെർത്തയുടെ ഗോൾ എക്കലെൻകാംപിന്റെ വകയായിരുന്നു. ലീഗിൽ 20 കളികൾ പൂർത്തിയായപ്പോൾ ബയേൺ 49 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 43 പോയിന്റുമായി ഡോർട്ട്മുണ്ടാണ് രണ്ടാം സ്ഥാനത്ത്.
സിരി എയിൽ റോമ, നപ്പോളി ടീമുകൾ മികച്ച വിജയം നേടി. റോമ എംപോളിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കും നപ്പോളി ഒന്നിനെതിരെ നാല് ഗോളുകൾക്ക് സാൽറെന്റീനയെ തോൽപ്പിച്ചു. മിലാൻ- യുവന്റസ് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇറ്റലിയിൽ 22 മത്സരങ്ങൾ കളിച്ച ഇന്റർമിലാൻ ആണ് പട്ടികയിൽ ഒന്നാമത്. 53 പോയിന്റാണ് അവർക്ക്. 49 പോയിന്റുമായി നപ്പോളിയാണ് രണ്ടാം സ്ഥാനത്ത്.
ഫ്രഞ്ച് ലീഗ് വണ്ണിൽ സ്താദ് റെനെയെ പിഎസ്ജി എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. മാർക്കോ വെറാറ്റി, സെർജിയോ റാമോസ്, ഡാനിലോ പെരേര എന്നിവർ ഗോളടിച്ചു. ഫായേസിന്റെ ഓൺ ഗോളും പിഎസ്ജിക്ക് തുണയായി. റാമോസിന്റെ പിഎസ്ജിക്ക് വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്. പോയിന്റ് നിലയിൽ മറ്റു ടീമുകളേക്കാൾ പിഎസ്ജി ബഹുദൂരം മുന്നിലാണ്. 22 കളികൾ പൂർത്തിയായപ്പോൾ പിഎസ്ജിക്ക് 53 പോയിന്റ് ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള ഒജിസി നീസിന് 42 പോയിന്റാണ് ഉള്ളത്.