ബാം​ഗ്ലൂരിനെ വീഴ്ത്തി സൺറൈസേഴ്സ് ഹൈദരാബാദ്

 | 
ipl

അബുദാബി: ജയിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും ബാം​ഗ്ലൂരിനെ പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാവുന്നതിൽ നിന്നും തടയാൻ ഹൈദരാബാദിന് സാധിച്ചു. ഐപിഎല്ലിലെ അമ്പത്തിരണ്ടാം മത്സരത്തിൽ നാല് റൺസിന്‍റെ ആവേശകരമായ ജയം. അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ആകാംഷക്കൊ‌‌ടുവിൽ എ.ബി ഡിവില്ലേഴ്സിന് ടീമിനെ വിജയിപ്പിക്കാനായില്ല.

ടോസ് നഷ്ടമായി ബാറ്റിം​ഗ് തുടങ്ങിയ ഹൈദരാബാദിന് ഓപ്പണറായി വന്ന അഭിഷേക് ശർമ്മയെ(13) രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. പിന്നാലെ എത്തിയ നായകൻ കെയ്ൻ വില്യംസൺ, ഓപ്പണർ ജേസൻ റോയിയുമൊത്ത് നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇവർ പിരിഞ്ഞത്. റോയ് 44ഉം വില്യംസൺ 31ഉം റൺസെടുത്തു. ഇരുപത് ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് സൺ റൈസേഴ്സ് 141 റൺസ് നേടിയത്. ഹർഷൽ പട്ടേൽ 3 വിക്കറ്റും ഡാൻ ക്രിസ്റ്റ്യൻ 2 വിക്കറ്റും വീഴ്ത്തി. 

ചേസിം​ഗ് തുടങ്ങിയ ബാം​ഗ്ലൂരിന് കോഹ്‍ലിയുടെ(5) വിക്കറ്റ് ആദ്യമേ നഷ്ടമായി. സ്ഥാനക്കയറ്റം കിട്ടി വന്ന ഡാൻ ക്രിസ്റ്റ്യൻ(1) പിന്നാലെ പോയി. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്തും(12) പുറത്തായതോടെ ബാം​ഗ്ലൂർ പരുങ്ങലിലായി. എന്നാൽ ​ദേവദത്ത് പടിക്കലും മാക്സ്വെല്ലും ടീമിനെ മുന്നോട്ട് നയിച്ചു. 25 പന്തിൽ 40 റൺസെടുത്തു നിൽക്കവെ മാക്സ്വെൽ റൺഔട്ടായത് ബാ​ഗ്ലൂരിനെ ബാധിച്ചു. തൊട്ടുപിന്നാലെ 41 റൺസെടുത്ത ദേവദത്ത് പടിക്കലും പുറത്തായി. അവസാന ഓവറിൽ വിജയിക്കാനായി 13 റൺസാണ് ബാം​ഗ്ലൂരിന് വേണ്ടിയിരുന്നത്. എന്നാൽ ഭുവി എറി‍ഞ്ഞ ആ ഓവറിൽ 8 റൺസ് നേടാനെ എ.ബി ഡിവില്ലേഴ്സിന് കഴിഞ്ഞുള്ളൂ. കെയിൻ വില്യംസൺ ആണ് മാൻ ഓഫ് ദി മാച്ച്.