ടി20 ലോകകപ്പ്, പ്രതീക്ഷ നിലനിർത്തി ബം​ഗ്ലാദേശ്, രണ്ടാം ജയത്തോടെ സ്കോട്ടിഷ് ടീം

 ഒമാനും പാപ്വാ ന്യൂ​ഗിനിക്കും തോൽവി
 | 
bangla

ട്വന്റി20 ലോകകപ്പിലെ ​ഗ്രൂപ്പ് മത്സരങ്ങളിൽ ബം​ഗ്ലാദേശിനും സ്കോട്ട്ലാൻഡിനും വിജയം. ആദ്യ കളിയിൽ തോറ്റ ബം​ഗ്ലാദേശ് ഒമാനെ 26 റൺസിന് തോൽപ്പിച്ചാണ് സൂപ്പർ 12 പ്രതീക്ഷ നിലനിർത്തിയത്. അതേസമയം പാപ്വ ന്യൂ​ഗിനിയെ തോൽപ്പിച്ച് സ്കോട്ട്ലാൻ‍ഡ് രണ്ടാം ജയം നേടി. 17 റൺസിനാണ് സ്കോട്ടിഷ് ‌‌ടീം ജയിച്ചത്. 

ഒമാനിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സ്കോട്ട്ലാൻഡ് ആദ്യം ബാറ്റിം​ഗ് തെരഞ്ഞെടുത്തു. 45 റൺസെടുത്ത വിക്കറ്റ് കീപ്പർ ക്രോസ്, 70 റൺസെടുത്ത ബെരിം​ഗ്ടൺ എന്നിവരുടെ മികവിലാണ് സ്കോട്ടിഷ് പട 20 ഓറിൽ 9 വിക്കറ്റ് നഷ്‌‌ടത്തിൽ 165 റൺസെടുത്തത്. കബുവോ മോറെ നാല് വിക്കറ്റും ചാദ് സോപ്പർ മൂന്ന് വിക്കറ്റും പിഎൻജിക്കായി വീഴ്ത്തി. മറുപടി ബാറ്റിം​ഗിനിറങ്ങിയ ന്യൂ​ഗിനിക്ക് തുണയായത് നോർമാൻ വനുവയുടെ(47) ഒറ്റയാൾ പ്രകടനമായിരുന്നു. 24 റൺസെടുത്ത സെസെ ബാവു മികച്ച പിന്തുണ നൽകിയെങ്കിലും 148 റൺസിന് ടീം ഓൾ ഔട്ടായി. ജോഷ് ഡേവി നാല് വിക്കറ്റ് വീഴ്ത്തി. 

ബം​ഗ്ലാദേശും  ബാറ്റിം​ഗാണ് തെരഞ്ഞെടുത്തത്. ഓപ്പണർ ലിന്റൺ ദാസും, പിന്നാലെ മെഹദി ഹസനും പെട്ടന്ന് പുറത്തായെങ്കിലും മുഹമ്മദ് നയീം- ഷാക്കിബ് അൽ ഹസൻ കൂട്ടുകെട്ട് ടീമിനെ ഭേദപ്പെട്ട സ്ഥിതിയിലെത്തിച്ചു. ഷാക്കിബ് 29 പന്തിൽ 42ഉം നയീം 50 പന്തിൽ 64 റൺസും നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബിലാൽ ഖാനും ഫയാസ് ബട്ടും 2 വിക്കറ്റെടുത്ത ഖലീമുള്ളയും ബം​ഗ്ലാദേശ് മധ്യ-വാലറ്റ നിരയെ തളച്ചിട്ടു. 20 ഓവറിൽ  ബം​ഗ്ലാ ടീം 153 റൺസിന് ഓൾ ഔട്ടായി. 

ആദ്യ മത്സരത്തിലെ ബാറ്റിം​ഗ് താരങ്ങളായ ജതീന്ദർ സിം​ഗ്- അഖിബ് ഇല്യാസ് ജോടിയിൽ ഒമാന് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ 6 റൺസെടുത്ത ഇല്യാസിനെ മുസ്തഫിസുർ പുറത്താക്കി. 40 റൺസെ‌‌ടുത്ത ജതീന്ദറിനും 21റൺസ് നേടിയ കശ്യപിനും ശേഷം ഒമാൻ നിരയിൽ ആരും തിളങ്ങിയില്ല. മുസ്തഫിസുറിന്റേയും ഷാക്കിബിന്റേയും ബൗളിം​ഗിനു മുന്നിൽ ഒമാൻ ബാറ്റർമാർ വീണു. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഒമാന് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.