ടി20 ലോകകപ്പ്: പാകിസ്ഥാനും ദക്ഷിണാഫ്രിക്കക്കും ജയം

 | 
Pak
 ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാന് രണ്ടാം ജയം. ഷാർജയിൽ നടന്ന കളിയിൽ ന്യൂസിലാന്റിനെ 5 വിക്കറ്റിനാണ് പാകിസ്ഥാൻ തോൽപ്പിച്ചത്. മറ്റൊരു കളിയിൽ നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെ 8 വിക്കറ്റിന് തോൽപ്പിച്ച്  ദക്ഷിണാഫ്രിക്ക ആദ്യ ജയം സ്വന്തമാക്കി. വിൻഡീസിൻ്റെ രണ്ടാം തോൽവിയാണ് ഇത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും പാക് ബൗളർമാർ തിളങ്ങി. ഇത്തവണ വിക്കറ്റ് വീഴ്ത്തിയത് ഹാരിസ് റൗഫ് ആണ്. 4 ഓവറിൽ 22 റൺസ് വഴങ്ങി ഹാരിസ് 4 വിക്കറ്റ് വീഴ്ത്തി. അഫ്രീദി, ഇമാദ് വാസിം, ഹാഫിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 27 റൺസ് വീതം നേടിയ മിച്ചലും കോൺവെയും 25 റൺസ് എടുത്ത നായകൻ കെയ്ൻ വില്യംസണും മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ പിടിച്ചു നിന്നത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ടീം 134 റൺസ് നേടി.

9 റൺസ് എടുത്ത ബാബർ അസമിനെ സൗത്തിയുടെ പന്തിൽ നഷ്ടമായി എങ്കിലും റിസ്വാൻ പിടിച്ചു നിന്നു. 33 റൺസ് എടുത്ത റിസ്വാൻ ആണ് ടോപ്പ് സ്‌കോറർ. 26 റൺസ് നേടി പുറത്താകാതെ നിന്ന ഷോയിബ് മാലിക്ക്, 27 റൺസ് നേടി പുറത്താകാതെ നിന്ന ആസിഫ് അലിയും ചേർന്ന് ടീമിനെ വിജയത്തിൽ എത്തിച്ചു. ഇഷ് സോധി 2 വിക്കറ്റ് വീഴ്ത്തി.

പാകിസ്‌ഥാൻ ജയിച്ചതോടെ ഇന്ത്യയുടെ കാര്യം ആണ് പരുങ്ങലിൽ ആയത്. ഇന്ത്യക്ക് ഇനി എല്ലാ മത്സരവും ജയിച്ചാൽ മാത്രമേ സെമി ഫൈനലിൽ എത്താൻ സാധിക്കൂ. അല്ലാത്ത പക്ഷം പാകിസ്ഥാനെ അഫ്‌ഗാൻ തോൽപിക്കണം.

ദുബായിൽ നടന്ന കളിയിൽ ദക്ഷിണാഫ്രിക്ക 8 വിക്കറ്റിനാണ് വെസ്റ്റിൻഡീസിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 8 വിക്കറ്റിന് 143 എന്ന ഭേദപ്പെട്ട സ്കോർ നേടി. 56 റൺസ് നേടിയ ഓപ്പണർ എവിൻ ലൂയിസ് ആണ് ടോപ്പ് സ്‌കോറർ. പൊള്ളാർഡ് 26 റൺസ് നേടി. പ്രിട്ടോറിയസ് 3ഉം കേശവ് മഹാരാജ്‌ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർ ബവുമയെ ആദ്യമേ നഷ്ടപ്പെട്ടു എങ്കിലും റെസ ഹെൻഡ്രിക്‌സ് (39), വാൻ ഡെർ ഡസൻ(43*) ഐഡൻ മാർക്രം (26 പന്തിൽ 51*) എന്നിവർ ചേർന്ന് 19ആം ഓവറിൽ ടീമിനെ വിജയത്തിൽ എത്തിച്ചു.