ട്വന്റി20 ലോകകപ്പ്; ഉദ്ഘാടന മത്സരത്തിൽ കാനഡയെ തകർത്ത് ആതിഥേയരായ യുഎസിന് ഉജ്വല വിജയം
ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കാനഡയെ തകർത്ത് ആതിഥേയരായ യുഎസിന് ഉജ്വല വിജയം. ഏഴു വിക്കറ്റ് വിജയമാണ് മത്സരത്തിൽ യുഎസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ബാക്കിനിൽക്കെ യുഎസ് എത്തി. ഏഴു വിക്കറ്റ് വിജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. 40 പന്തുകളിൽ 94 റൺസ് നേടി പുറത്താകാതെ നിന്ന ആരോൺ ജോൺസാണു യുഎസിന്റെ അനായാസ വിജയത്തിൽ നെടുംതൂണായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാനഡയ്ക്കു വേണ്ടി ഓപ്പണർ നവ്നീത് ധലിവാളും (44 പന്തിൽ 61), നിക്കോളാസ് കിർട്ടനും (31 പന്തിൽ 51) അർധ സെഞ്ചറി നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച് ശ്രേയസ് മൊവ്വയും (16 പന്തിൽ 32) സ്കോർ ഉയർത്തി. അലി ഖാൻ, ഹർമീത് സിങ്, കോറി ആൻഡേഴ്സൻ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ആരോൺ ജോൺസും ആൻഡ്രിസ് ഗോസും ചേർന്നു നടത്തിയ പ്രതിരോധം യുഎസിനെ തുണയ്ക്കുകയായിരുന്നു. ഓപ്പണർ സ്റ്റീവൻ ടെയ്‍ലറെ പൂജ്യത്തിനു പുറത്താക്കിയ കാനഡ, ക്യാപ്റ്റൻ മൊണാങ്ക് പട്ടേലിനെ 16 റൺസിനും മടക്കിയിരുന്നു. ഗൗസും ആരോൺ ജോൺസും ചേർന്നതോടെ യുഎസ് സ്കോർ കുതിച്ചുയർന്നു. 46 പന്തുകൾ നേരിട്ട ആൻഡ്രിസ് ഗൗസ് 65 റൺസെടുത്താണു പുറത്തായത്. ഇന്നിങ്സിൽ 10 സിക്സറുകൾ പറത്തിയ ആരോൺ ജോൺസ് 17.4 ഓവറിൽ യുഎസിനെ വിജയത്തിലെത്തിച്ചു.