ട്വന്റി20 ലോകകപ്പ്; ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന് സുരക്ഷാ ഭീഷണി, ന്യൂയോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേ‍ഡിയത്തിൽ സുരക്ഷ വർധിപ്പിച്ചു

 | 
cricket

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്കിൽ സുരക്ഷ വർധിപ്പിച്ചു. ന്യൂയോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേ‍ഡിയത്തിൽ ജൂൺ 9ന് നടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്. സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ സേനയെ വിന്യസിക്കാനും നിരീക്ഷണം ശക്തമാക്കാനും പൊലീസിനു നിർദേശം നൽ‌കിയതായി ന്യൂയോർക്ക് ഗവർണർ അറിയിച്ചു.

ഒറ്റയ്ക്ക് ആരെങ്കിലുമെത്തി ആക്രമണം നടത്തുമോയെന്നാണ് പൊലീസിന്റെ ആശങ്കയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സാധാരണ ഉള്ള സുരക്ഷാ ഉദ്യോഗസ്ഥരെക്കാൾ 100 പേരെ അധികമായി സ്റ്റേഡിയത്തിലും പരിസരങ്ങളിലും വിന്യസിക്കും. ‘‘എപ്പോഴും ഇത്തരം ഭീഷണികൾ ഉയരുന്നുണ്ട്. ഞങ്ങൾ ഇതു വളരെ ഗൗരവമായാണ് എടുക്കുന്നത്.’’– നാസോ കൗണ്ടി എക്സിക്യൂട്ടിവ് ബ്രൂസ് ബ്ലേക്മാൻ പ്രതികരിച്ചു.

‘‘സ്റ്റേഡിയം, പാർക്കിങ് ഏരിയ എന്നിവിടങ്ങളിലെല്ലാം സുരക്ഷ ഒരുക്കിയിട്ടുണ്ട്. ആദ്യമായാണ് ഇത്രയും ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഇവിടെ ഒരുക്കുന്നത്. അക്കാര്യം എനിക്ക് ഉറപ്പു നൽകാൻ സാധിക്കും. സ്റ്റേഡിയ‍ത്തിൽ ജൂൺ ഒൻപതിന് യാതൊരു സുരക്ഷാ വീഴ്ചയും ഉണ്ടാകില്ല.’’– പൊലീസ് കമ്മിഷണർ പാട്രിക് റൈഡർ പറഞ്ഞു. ട്വന്റി20 ലോകകപ്പിനായി യുഎസിലെത്തിയ ഇന്ത്യൻ താരങ്ങൾ പരിശീലനത്തിലാണ്. നാളെ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു സന്നാഹ മത്സരമുണ്ട്.