ക്രിക്കറ്റ് ടീമിലെ അസ്വാരസ്യം പരിഹരിക്കാൻ റായ്പുരിൽ ചർച്ച
ടീമിലെ മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി ഭിന്നതയിലാണെന്ന അഭ്യൂഹങ്ങൾക്കിടെ നിർണായക ചർച്ചയ്ക്കൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനമത്സരം നടക്കുന്ന റായ്പുരിൽ അതേദിവസം രാവിലെ പരിശീലകൻ, ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവരും ബിസിസിഐ പ്രതിനിധികളും ചർച്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ തോൽവി, രോഹിത്, കോലി എന്നിവരുടെ ഏകദിന ടീമിലെ ഭാവി അടക്കമുള്ള കാര്യങ്ങളും മുതിർന്ന താരങ്ങളുമായി ഗംഭീറിന്റെ ബന്ധവും ചർച്ചയിൽ വരുമെന്നാണ് സൂചന. രോഹിത്, കോലി എന്നിവരുമായുള്ള ഗംഭീറിന്റെ ബന്ധം അത്ര സുഖകരമല്ലെന്നാണ് സൂചന. ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിനുശേഷം ഡ്രസ്സിങ് മുറിയിലേക്ക് മടങ്ങുന്ന കോലി ഗംഭീറിനെ ശ്രദ്ധിക്കാതെപോകുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഡ്രസ്സിങ് മുറിയിൽ രോഹിതും ഗംഭീറും തമ്മിൽ തർക്കമുണ്ടായതായും വാർത്തകൾ വരുന്നുണ്ട്.

