ബി.സി.സി.ഐ ഇടപെടൽ ഫലിച്ചില്ല; ടെസ്റ്റിൽനിന്ന് പടിയിറങ്ങി കോഹ്ലിയും

14 വർഷം നീണ്ട ഐതിഹാസിക കരിയറിന് വിരാമം
 | 
kohli

മുംബൈ: ടെസ്റ്റിൽനിന്ന് പടിയിറങ്ങി ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

താരത്തെ പിന്തിരിപ്പിക്കാനുള്ള ബി.സി.സി.ഐ ഇടപെടൽ ഫലംകണ്ടില്ല. ഏതാനും ദിവസങ്ങളായി താരം ടെസ്റ്റിൽനിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. പിന്നാലെ മുതിർന്ന താരങ്ങൾ വഴി ബി.സി.സി.ഐ താരത്തെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. 14 വർഷം നീണ്ട ഐതിഹാസിക കരിയറിനാണ് ഇതോടെ കർട്ടൻ വീണത്.

ഇന്ത്യയുടെ ഏറ്റവും വിജയിച്ച ടെസ്റ്റ് നായകനാണ് ക്രിക്കറ്റിലെ അഞ്ചുനാൾ ഫോർമാറ്റിൽനിന്ന് താരം പാഡഴിച്ചത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിത പ്രഖ്യാപനവുമായി രോഹിതും ടെസ്റ്റിൽനിന്ന് വിരമിച്ചിരുന്നു. ട്വന്റി20യിൽ നേരത്തെ ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇരുവരും ദേശീയ ടീമിനൊപ്പം ഏകദിനത്തിൽ മാത്രമായി ചുരുങ്ങി.

36കാരനായ കോഹ്‌ലി ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ പാഡണിഞ്ഞപ്പോൾ 68ഉം ക്യാപ്റ്റനായാണ്. അതിൽ വിജയം വരിച്ചത് 40 തവണ. ലോക ക്രിക്കറ്റിൽ ഗ്രെയിം സ്മിത്ത് (109ൽ 53), റിക്കി പോണ്ടിങ് 77ൽ 48, സ്റ്റീവ് വോ 57ൽ 41 എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻ കൂടിയാണ് കോഹ്‍ലി.