കായിക ലോകം ആവേശത്തിൽ; ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം

കായിക ലോകം ആവേശത്തോടെ കാത്തിരുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് കൊടിയേറുകയാണ്. വ്യാഴാഴ്ച നിലവിലെ ചമ്പ്യാന്മാരായ ഇംഗ്ളണ്ട് റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പിന് തുടക്കമാകും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക. രാജ്യത്തുടനീളമുള്ള 48 മത്സരങ്ങൾ പത്ത് വേദികളിലായാണ് നടക്കുക. 10 ടീമുകളാണ് ലോകകപ്പിനായി പോരടിക്കുന്നത്.
1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടി. അഞ്ചുതവണ കിരീടം നേടിയ ഓസ്‌ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാൻ, 1996ൽ ചാമ്പ്യൻമാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, നെതർലൻഡ്‌സ് എന്നിവയാണ് മറ്റ് ടീമുകൾ. 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബർ എട്ടിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ആസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. 14നാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം. നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍. നവംബര്‍ 19ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ലോകക്രിക്കറ്റിലെ രാജാക്കന്മാര്‍ ആരെന്ന് വിധിയെഴുതും.