അപരാജിതരായ മുപ്പത്തിയേഴ് കളികൾക്ക് ശേഷം ഇറ്റലിക്ക് തോൽവി, നേഷൻസ് ലീഗ് ഫൈനൽസിൽ സ്പെയിനിന് വിജയം.

തോൽവിയറിയാതെ മുപ്പത്തിയേഴ് കളികളിൽ മുന്നോട്ട് കുതിച്ച ഇറ്റലിലയെ സ്പെയിൻ പിടിച്ചു കെട്ടി. നേഷൻസ് ലീഗ് ഫൈനൽസിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിനിന്റെ വിജയം. മാഞ്ചസ്റ്റർ സിറ്റി താരം ഫെറാൻ ടോറസിന്‍റെ ഇരട്ട ഗോളുകളാണ് ഇറ്റലിയുടെ തോൽവി ഉറപ്പാക്കിയത്. രണ്ടു ഗോളും റയൽ സോസിദാദ് താരം ഓയേസബല്ലിന്‍റെ അസിസ്റ്റിലായിരുന്നു. യൂറോകപ്പിലെ സെമി തോൽവിക്ക് സ്പെയിനിന്‍റെ മധുരപ്രതികാരമായി ഈ വിജയം.
കളിയുടെ പതിനേഴാം മിനിറ്റിലാണ് ആദ്യ ഗോൾ വീണത്. ഇടതു വിങ്ങിൽ നിന്നുള്ള ഓയേസബല്ലിന്‍റെ ക്രോസ് ഹാഫ് വോളിയായി എടുത്ത് ടോറസ് വലയിലെത്തിക്കുകയായിരുന്നു. 42ആം മിനിറ്റിൽ ഇറ്റലിക്ക് തിരിച്ചടിയായി നായകൻ ലിയനാർഡോ ബൊനൂച്ചി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. ഇതോടെ പത്തുപേരായി ചുരുങ്ങിയ ഇറ്റലിക്കെതിരെ സ്പെയിൻ ആക്രമണം ശക്തമാക്കി. ഇതിന്‍റെ തുടർച്ചയായിട്ടാണ് 45ആം മിനിറ്റിലെ മുന്നേറ്റത്തിനിടയിൽ ഓയേസബല്ലിന്‍റെ ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന ടോറസ് ഹെഡറിലൂടെ വലയിലാക്കി.
ബെർണാർഡെസാച്ചിക്ക് പകരം പ്രതിരോധ നിരയിൽ ചെല്ലിനിയെ ഇറക്കി ഇറ്റലി കൂടുതൽ ഗോൾ വീഴാതെ വല കാത്തു. 83ആം മിനിറ്റിലാണ് ഫെഡറിക്കോ കിയേസയുടെ ഒറ്റയാൾ മുന്നേറ്റം ഗോളിലെത്തിയത്. ഗോൾകീപ്പർക്ക് മുന്നിൽ വച്ച് കിയേസ നൽകിയ പാസ് ലോറൻസോ പെല്ലിഗ്രീനി വലയിലാക്കി.
ബാഴ്സയുടെ പതിനേഴുകാരനായ മധ്യനിര താരം ഗാവിക്ക് സ്പെയിൻ അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു. സ്പെയിനിന് വേണ്ടി അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ ഗാവി മാറി. വിയ്യാറയൽ താരം പതിനെട്ടുകാരനായ യെറെമി പിനോയും സ്പെയിനിനായി പകരക്കാരന്‍റെ വേഷത്തിൽ അരങ്ങേറി.
ഫ്രാൻസ്- ബെൽജിയം കളിയിലെ വിജയിയെ സ്പെയിൻ ഫൈനലിൽ നേരിടും.