73ന് എറിഞ്ഞിട്ടു, 6.2 ഓവറിൽ ജയിച്ചു; ബം​ഗ്ലാദേശിനെ നാണം കെടുത്തി ഓസ്ട്രേലിയ

 | 
australia
ദുബായിലെ മൈതാനത്ത് കളി ബം​ഗ്ലാദേശിനെതിരെ ആയിരുന്നെങ്കിലും ഓസ്ട്രേലിയയുടെ മനസിൽ ഉണ്ടായിരുന്നത് ദക്ഷിണാഫ്രിക്ക ആയിരുന്നു. നെറ്റ് റൺറേറ്റിൽ അവരെ മറികടക്കാനുള്ള കളിയാണ് ഓസീസ് കളിച്ചത്. ഫലമോ 73 റൺസിന് ബം​ഗ്ലാദേശിനെ പുറത്താക്കി 6.2 ഓവറിൽ  ചേസ് ചെയ്തു ജയിച്ചു. ഈ വിജയത്തോടെ നെറ്റ് റൺറേറ്റിൽ ദക്ഷിണാഫ്രിക്കയെ ഓസീസ് മറികടക്കുകയും ചെയ്തു. 

ടോസ് നേടി പന്തെറിയാൻ വന്ന ഓസീസ് ബം​ഗ്ലാദേശ് ബാറ്റർമാരെ അധിക സമയം ക്രീസിൽ നിർത്തി വെയിലുകൊള്ളിച്ചില്ല. പേസ്  ബൗളർമാരായ സ്റ്റാർക്ക്, ഹെയ്സൽവുഡ് എന്നിവരും പാർട്ട് ടൈം സ്പിന്നർ ​ഗ്ലെൻ മാക്സ്വെല്ലും തുടങ്ങിയ വിക്കറ്റ് വീഴ്ത്തൽ സ്പിന്നർ ആദം സാംപ ഏറ്റെടുക്കുകയായിരുന്നു. നാല് ഓവറിൽ 19 റൺസ് വഴങ്ങി സാംപ 5 വിക്കറ്റ് വീഴ്ത്തി. സ്റ്റാർക്ക്, ഹെയ്സൽവുഡ് എന്നിവർ രണ്ട് വീതവും മാക്സ്വെൽ ഒരു വിക്കറ്റും വീഴ്ത്തി. ഇനി ബം​ഗ്ലാദേശ് ബാറ്റർമാരിലേക്ക് വന്നാൽ 19 റൺസ് എടുത്ത ഷമീം ഹൊസൈൻ, പതിനാറ് റൺസെടുത്ത മുഹമ്മദുള്ള, 17 റൺസെടുത്ത മൊഹമ്മദ് നയീം എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 15ാം ഓവറിൽ 73ന് ടീം ഓൾ ഔട്ടായി. 

ഓസീസിന് വേണ്ടി നായകൻ ഫിഞ്ച് ആ​ദ്യം അടിതുടങ്ങി. 20 പന്തില‍ 2 ഫോറും 4 സിക്സും പറത്തി ഫിഞ്ച് 40 റൺസെടുത്തു. വാർണർ 14 പന്തിൽ 18ഉം മിച്ചൽ മാർഷ്  5 പന്തിൽ 16 റൺസും നേടി.