കൊട്ടാരക്കരയിൽ ടിപ്പർ ബസ് ‌പാഞ്ഞു കയറി; 4 മരണം

മണ്ണ് കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ടത്
 | 
Kottarakkara Accident

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി 4 പേർ മരിച്ചു. മരിച്ചവരിൽ ഹരിലാൽ (54), പാർഥിപ് (15), അജയകുമാർ (45) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിലാൽ ട്യൂട്ടോറിയൽ അധ്യാപകനാണ്. മകനെ ബസ് കയറ്റിവിടാൻ വന്നതാണ് അജയ കുമാർ. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി പൂർണമായും തകർന്ന നിലയിലാണ്. ലോറി അമിത വേഗതയിലായിരുന്നു. കുശാൽ (15), നവനീത് (13), ജിബിമോൾ (15) എന്നീ വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.

ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് റോഡ‍ിലേക്ക് വീണ് അപകടത്തിൽപെട്ടവർ മണ്ണിന് അടിയിൽ കുടുങ്ങുകയായിരുന്നു. ടിപ്പർ ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മതിലിനോട് ചേർന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി ഇടിച്ചു മറിയുകയായിരുന്നു. ഏഴു കുട്ടികളും ഒരു മുതിർന്നയാളും അടക്കം എട്ടു പേരാണ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.