ആവേശപ്പോരിൽ ലെസ്റ്ററിനെ മറികടന്ന് ടോട്ടനം; മാഞ്ചസ്റ്റർ യുണൈറ്റഡിനും വിജയം

 | 
Tottanham

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- ബ്രെന്റ്ഫോഡിനേയും ടോട്ടനം ഹോട്ട്സ്പർസ് ലെസ്റ്റർ സിറ്റിയേയും തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് യുണൈറ്റഡ് വിജയിച്ചപ്പോൾ, സ്പർസ് വിജയിച്ചത് രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ്. 

പതിനേഴാം റൗണ്ടിലെ മാറ്റിവച്ച മത്സരമായിരുന്നു യുണൈറ്റഡ്- ബ്രെന്റ് ഫോഡ്. ​ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം നാല് ​ഗോളും പിറന്നത് രണ്ടാം പകുതിയിലാണ്. 55ാം മിനിറ്റിൽ ആന്റണി എലാൻ​ഗ ആദ്യ ​ഗോളും 62ാം മിനിറ്റിൽ ​ഗ്രീൻവുഡ് രണ്ടാം ​ഗോളും നേടി. 77ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റഷ്ഫോഡാണ്  മൂന്നാം ​ഗോൾ നേടിയത്. ഇവാൻ ടോണിയാണ് ബ്രെന്റ്ഫോഡിന്റെ ആശ്വാസ​ഗോൾ നേടിയത്.

ഇതോടെ 21 മത്സരങ്ങൾ പൂർത്തിയാക്കിയ യുണൈറ്റഡ് 35 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ഉള്ളത്. 22 കളികളിൽ നിന്നായി ബീസിന് 23 പോയിന്റാണ് ഉള്ളത്. 14ാം സ്ഥാനത്താണ് അവർ. 

വിജയമുറപ്പിച്ച ലെസ്റ്റർ സിറ്റിയ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ സ്റ്റീവൻ ബർജ്‍വിൻ നേടിയ ഇരട്ട ​ഗോളുകളിലാണ് ടോട്ടനം തോൽപ്പിച്ചത്.  2-1 ന് മുന്നിട്ടു നിന്ന ലെസ്റ്ററിനെതിരെ 79ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബർജ്‍വിൻ 95ാം മിനിറ്റിലും 97ാം മിനിറ്റിലും ​ഗോളടിച്ചു. 

നേരത്തെ പാറ്റസൻ ഡാക്കയിലൂടെ 24ാം മിനിറ്റിൽ ഫോക്സ് ലീഡെടുത്തു. എന്നാൽ ഹാരി കെയ്നിലൂടെ 38ാം മിനിറ്റിൽ സമനില നേടി. ജെയിംസ് മാഡിസൺ 76ാം മിനിറ്റിൽ വീണ്ടും ലെസ്റ്ററിനെ മുന്നിലെത്തിച്ചു. ഈ മത്സരവും പതിനേഴാം റൗണ്ടിലെ മാറ്റിവച്ച കളിയായിരുന്നു. വിജയത്തോടെ 19 കളിയിൽ നിന്നും 36 പോയിന്റുമായി ടോട്ടനം അ‍ഞ്ചാം സ്ഥാനത്തേക്ക് എത്തി. 19 കളിയിൽ നിന്നും 25 പോയിന്റുമായി ലെസ്റ്റർ പത്താം സ്ഥാനത്താണ്.