നാറ്റോയിൽനിന്ന് പുറത്തുപോകുമെന്ന് ട്രംപ്
നാറ്റോ(നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO)യിൽനിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുഎസിന്റെ സൈനിക നടപടിയെ സഖ്യകക്ഷികൾ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് നാറ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
ഈ സഖ്യത്തെ ഒരു 'കടലാസ് പുലി' (paper tiger) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ കരാറിൽനിന്ന് അമേരിക്കയെ നീക്കം ചെയ്യുന്നത് ഇപ്പോൾ 'പുനർവിചിന്തനത്തിന് അപ്പുറമാണെന്ന്' അദ്ദേഹം അഭിപ്രായപ്പെട്ടതായും പത്രം റിപ്പോർട്ട് ചെയ്തു.
'അതേ, അത് പുനർവിചിന്തനത്തിന് അപ്പുറമാണ് എന്നാണ് എന്റെ അഭിപ്രായം.' അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന ചോദ്യത്തിന്, 'ഞാൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, പുതിനും അതറിയാം.' എന്നായിരുന്നു ട്രംപിന്റെ മറുപടി.
പശ്ചിമേഷ്യയിൽ ഇസ്രയേലുമായി ചേർന്ന് യുഎസ് ഇറാനെതിരായി ആരംഭിച്ച സംഘർഷത്തിന് പിന്നാലെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇത് ആഗോള ഊർജ്ജ വിപണിയിൽ വലിയ അസ്ഥിരതയുണ്ടാക്കിയിട്ടുണ്ട്. ഇതിനുപിന്നാലെ, ഈ പാതയിലെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യകക്ഷികൾ നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
സഖ്യകക്ഷികൾക്കിടയിൽ പരസ്പര സഹകരണമില്ലെന്ന് ട്രംപ് വിമർശിച്ചു. 'യുക്രൈൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഞങ്ങൾ സ്വയമേവ അവിടെയുണ്ടായിരുന്നു... എന്നാൽ അവർ ഞങ്ങൾക്ക് വേണ്ടി എവിടെയും ഉണ്ടായിരുന്നില്ല.' മുൻകാല സംഘർഷങ്ങളിലെ പാശ്ചാത്യ പിന്തുണയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. യുഎസ്-ഇസ്രയേൽ സൈനികനീക്കത്തിൽ ചേരാതിരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ യുകെ നേതൃത്വത്തെയും ട്രംപ് കുറ്റപ്പെടുത്തി.
'നിങ്ങൾക്ക് ഒരു നാവികസേന പോലുമില്ല. നിങ്ങൾ പ്രായമേറിയവരാണ്, നിങ്ങൾക്ക് പ്രവർത്തിക്കാത്ത വിമാനവാഹിനിക്കപ്പലുകളാണ് ഉണ്ടായിരുന്നത്.' കീർ സ്റ്റാർമറെ പരിഹസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഈ വിമർശനം ആവർത്തിച്ചു. നാറ്റോയെ ഒരു 'ഏകപക്ഷീയമായ പാത' (one-way street) എന്ന് വിളിച്ച അദ്ദേഹം, യുഎസ് തങ്ങളുടെ പങ്കിനെക്കുറിച്ച് പുനഃപരിശോധന നടത്തുമെന്ന് മുന്നറിയിപ്പ് നൽകി.
