ട്വൻ്റി20 ലോകകപ്പ്: അഫ്‌ഗാനിസ്ഥാന് 130 റൺസ് വിജയം

 | 
Afghan
 

ട്വൻ്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ റൺസ് വെച്ചുള്ള ഏറ്റവും വലിയ മൂന്നാമത്തെ തോൽവി. അതായിരുന്നു അഫ്‌ഗാൻ സ്കോട്ട്ലഡിന് നൽകിയത്. അഫ്‌ഗാൻ ഉയർത്തിയ 191 എന്ന വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ട് ടീം 10 ഓവറിൽ 60 റൺസിന് ഓൾ ഔട്ട് ആയി. 5 വിക്കറ്റ് വീഴ്ത്തി മുജീബ് റഹ്മാനും 4 വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാനും ചേർന്ന് ഷാർജയിൽ സ്കോട്ട് നിരയെ വേഗം പറഞ്ഞു വിട്ടു. 

20 റൺസ് വഴങ്ങിയാണ് മുജീബ് 5 വിക്കറ്റ് വീഴ്ത്തിയത്. അതിൽ തന്നെ ഒരു ഓവറിൽ 3 വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാൻ 9 റൺസ് വഴങ്ങിയാണ് 4 വിക്കറ്റ് വീഴ്ത്തിയത്.  

4 പേർ പൂജ്യത്തിന് പുറത്തായി. ഓപ്പണർ മുൻസി നേടിയ 25 റൺസ് ഇല്ലായിരുന്നെങ്കിൽ ടീം ഇതിലും വലിയ നാണക്കേടിൽ പെടുമായിരുന്നു. മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. കളിയുടെ മൂന്നാം ഓവറിൽ മുജീബ് 3 വിക്കറ്റ് വീഴ്ത്തി തകർച്ചക്ക് തുടക്കം കുറിച്ചു. ഇതിൽ നിന്നും സ്കോട്ട് ടീമിന് കരകയറാൻ ആയില്ല.5 പേർ എൽബിഡബ്ലിയു ആയാണ് പുറത്തായത്.

നേരത്തെ അഫ്‌ഗാൻ ബാറ്റർമാരുടെ വമ്പൻ അടികൾ കാണികൾക്ക് വിരുന്നൊരുക്കി. 11 സിക്സുകൾ, പലതും ഗ്രൗണ്ടിന് വെളിയിലേക്ക്. 34 പന്തിൽ 59 നേടിയ നജീബുള്ള സർദാൻ, 37 പന്തിൽ 46 നേടിയ ഗുർബാസ്, 30 പന്തിൽ 44 നേടിയ സസായി എന്നിവരാണ് അഫ്‌ഗാൻ സ്കോർ 190ൽ എത്തിച്ചത്. 
സ്കോർ: അഫ്‌ഗാൻ 190/ 4 (20 ഓവർ), സ്‌കോട്ട്‌ലൻഡ് 60 (10.2 ഓവർ)