ലിവർപൂളിനും ചെൽസിക്കും വിജയം; ആഴ്സണലിന് സമനില

ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ചെല്‍സി ടോട്ടനത്തെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്.
 | 
liverpool

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മുൻനിര ടീമുകളായ ലിവർപൂളും ചെൽസിയും വിജയിച്ചപ്പോൾ ആഴ്സണൽ സമനിലയിൽ കുരുങ്ങി. ടോട്ടനം പരാജയപ്പെട്ടപ്പോൾ ലെസ്റ്ററും ബ്രൈറ്റണും സമനിലയിൽ പിരിഞ്ഞു.

ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. എട്ടാം മിനിറ്റിൽ വെർജിൽ വാൻഡിക്കിലൂടെ ലിവർപൂൾ ​ഗോളടി തുടങ്ങി. ആൻഡ്രൂ റോബർട്സൺ നൽകിയ പാസിൽ തലവെച്ചാണ് വാൻഡിക്ക് ​ഗോൾ നേടിയത്. 32ാം മിനിറ്റിൽ വീണ്ടും റോബർട്സണ്ണിന്റെ അസിസ്റ്റ്. ഇത്തവണ ​ഗോൾ നേടിയത് അലക്സ് ഓക്സ്‍ലേഡ് ചേമ്പർലെയിൻ. എഡ്വാർഡിലൂടെ 55ാം മിനിറ്റിൽ പാലസ് ഒരു ​ഗോൾ മടക്കി. എന്നാൽ 89ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ​ഗോളാക്കി മാറ്റി ഫാബിഞ്ഞോ ജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള സിറ്റിയും രണ്ടാം സ്ഥാനത്തുള്ള ലിവർപൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം 9 ആയി കുറഞ്ഞു. ലിവർപൂളിന് ഒരു കളി ബാക്കിയുണ്ട്. 23 കളിയിൽ നിന്നും സിറ്റി 57ഉം 22 കളിയിൽ നിന്നും ലിവർപൂൾ 48 പോയിന്റും നേടി. കഴിഞ്ഞ കളിയിൽ സൗത്താംപ്റ്റണുമായി സമനില വഴങ്ങിയ സിറ്റിക്ക് ഒക്ടോബറിന് ശേഷം ആദ്യമായി പോയിന്റ് നഷ്ടമായിരുന്നു. 

ടോട്ടനം ഹോട്ട്സ്പർസിനെ മൂന്നാഴ്ച്ചക്കിടയിൽ മൂന്നാമതും ചെൽസി തോൽപ്പിച്ചു. ഇത്തവണ എതിരില്ലാത്ത 2 ​ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. അന്റോണിയോ കോണ്ടേയുടെ കീഴിൽ പ്രീമിയർലീ​ഗിൽ ടോട്ടനം നേരിടുന്ന ആദ്യ തോൽവിയായി ഇത്. കർബാബോ കപ്പ് സെമിയിലും കഴിഞ്ഞ ആഴ്ച്ചകളിൽ രണ്ടു പാദത്തിലും ചെൽസി ടോട്ടനത്തെ തോൽപ്പിച്ചിരുന്നു.

​ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം ഹഡ്സൺ ഒഡോയ് നൽകിയ പാസിൽ നിന്നും ഹക്കിം സിയേച്ച് നേടിയ മനോഹരമായ ​ഗോൾ 47ാം മിനിറ്റിൽ തന്നെ ചെൽസിക്ക് ലീഡ് നേടിക്കൊടുത്തു. മാസൻ മൗണ്ടിന്റെ ഫ്രീകിക്കിൽ തലവെച്ച് തിയാ​ഗോ സിൽവ എട്ടുമിനിറ്റിനിപ്പുറം രണ്ടാം ​ഗോൾ നേടി. ഇതോടെ 24 കളികൾ പൂർത്തിയാക്കിയ ചെൽസിക്ക് 47 പോയിന്റായി. സിറ്റിയേക്കാൾ പത്ത് പോയിന്റ് പിന്നിൽ. 

ആഴ്സണൽ- ബേൺലി മത്സരം ​ഗോൾരഹിത സമനിലിയിൽ പിരിഞ്ഞു. ഈ കളി ജയിച്ചിരുന്നെങ്കിൽ ആഴ്സണൽ നാലാം സ്ഥാനത്തേക്ക് ഉയർന്നേനെ. എന്നാൽ ആക്രമിച്ചു കളിച്ച ​ഗണ്ണേഴ്സിന് ​ഗോൾ കണ്ടെത്താനായില്ല. ലെസ്റ്റർ സിറ്റി- ബ്രൈറ്റൺ മത്സരം ഓരോ ​ഗോൾ സമനിലയിൽ പിരിഞ്ഞു. പാറ്റ്സൺ ഡാക്ക ലെസ്റ്ററിന് ലീഡ് നൽകി എങ്കിലും 82ാം മിനിറ്റിൽ ഡാനി വെൽബെക് സമനില ​ഗോൾ നേടി.