പുതുവത്സത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ആഴ്‌സണലിനെ വീഴ്ത്തിയത് അവസാന മിനിറ്റിലെ ഗോളിൽ
2022ലെ ആദ്യ മത്സരത്തിൽ ആഴ്‌സണൽ വിജയം മണത്തതായിരുന്നു. പക്ഷെ എതിരാളികൾ മാഞ്ചസ്റ്റർ സിറ്റിയായിപ്പോയി.രണ്ടാം പകുതി തുടങ്ങിയപ്പോൾ വിജയം മാറി സമനിലയും കളി അവസാനിച്ചപ്പോൾ തോൽവിയും ആഴ്‌സണലിന് നേരിടേണ്ടി വന്നു.
ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾ ആണ് സിറ്റിയെ വിജയിപ്പിച്ചത്.57ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ റിയാദ് മെഹ്റസ് നേടിയ ഗോൾ സിറ്റിക്ക് സമനില നേടിക്കൊടുത്തു. എന്നാൽ 94ആം മിനിറ്റിൽ റോഡ്രിയാണ് വിജയഗോൾ സിറ്റിക്കായി നേടിയത്. നേരത്തെ 31ആം മിനിറ്റിൽ ബുകയോ സാക്ക നേടിയ ഗോൾ ആണ് ഗണ്ണേഴ്‌സിനെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ മുന്നിൽ എത്തിച്ചത്.
പ്രതിരോധ താരം ഗബ്രിയേൽ 59ആം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ 10 പേരായി ചുരുങ്ങിയ ഗണ്ണേഴ്സ് നന്നായി പൊരുതി. പക്ഷെ ലീഗിൽ തുടർച്ചയായ 11 ജയം സിറ്റിക്ക് ഒപ്പം നിന്നു. ഇതോടെ 21 കളികളിൽ നിന്നും സിറ്റിക്ക് 53 പോയിന്റ് ആയി. ആഴ്‌സണലിന് 20 കളിയിൽ നിന്നും 35 പോയിന്റും.