രണ്ടാം ടി20യിൽ വിജയം; ഇന്ത്യക്ക് പരമ്പര. ന്യൂസിലൻഡിനെതിരെ വിജയം ഏഴു വിക്കറ്റിന്

 | 
Cricket
 


ഓപ്പണർമാർ തിളങ്ങിയ രണ്ടാം ടി20 മത്സരത്തിൽ കീവിസിനെ 7 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ 3 മത്സരങ്ങൾ അടങ്ങിയ  പരമ്പര നേടി. 154 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ 16 പന്ത് ബാക്കി നിൽക്കെ മറികടന്നു. രോഹിത് ശർമ്മ 55ഉം കെഎൽ രാഹുൽ 65 റൺസും നേടി. 

ടോസ് നേടിയ രോഹിത് പന്തെറിയാൻ തീരുമാനിച്ചു. എന്നാൽ ഓപ്പണർ ഗപ്റ്റിൽ നല്ല മൂഡിൽ ആയിരുന്നു. ആദ്യ ഓവറിൽ മൂന്ന് ഫോർ അടിച്ചു തുടങ്ങിയ ഗപ്റ്റിൽ 15 പന്തിൽ 31 റൺസ് നേടി. ഡാരിൽ മിച്ചലും നന്നായി തുടങ്ങി എങ്കിലും മധ്യ ഓവറുകളിൽ റൺ നിരക്ക് താഴ്ന്നത് അവരെ ബാധിച്ചു. മിച്ചൽ 31ഉം, ചാപ്പ്മാൻ 21ഉം ഫിലിപ്പ്‌സ് 34ഉം നേടി പുറത്തായി. ആദ്യ അന്താരാഷ്ട്ര ടി20 കളിക്കുന്ന ഹർഷൽ പട്ടേൽ മിച്ചലിനെയും ഫിലിപ്പ്‌സിനെയും പുറത്താക്കി ഇന്ത്യക്ക് തിരിച്ചു വരവ് ഒരുക്കി. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ആണ് ന്യൂസിലൻഡ് 153 റൺസ് നേടിയത്. 

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 117 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ 49 പന്തിൽ ആണ് 65 റൺസ് നേടിയത്. രോഹിത് 36 പന്തിൽ 55 നേടി പുറത്തായി. 1 റൺ എടുത്ത സൂര്യകുമാർ യാദവിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ വെങ്കിടേഷ് അയ്യർ, ഋഷഭ് പന്ത് എന്നിവർ ടീമിനെ വിജയത്തിൽ എത്തിച്ചു. ഹർഷൽ പട്ടേൽ ആണ് കളിയിലെ താരം.