വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്; വിദ്യാർഥികൾക്ക് എ.ഐ പരിശീലനവും ലാപ്ടോപ്പുകളും

വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി 
 | 
Actor Vijay TVK

തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ ബജറ്റ് തമിഴ്നാട് ധനമന്ത്രി എൻ. മാരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2026-27 വർഷത്തെ കന്നി ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസം, കോളജ് വിദ്യാർഥികൾക്കായുള്ള ലാപ്ടോപ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പരിശീലനം, യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം എന്നിവക്കാണ് സർക്കാർ മുഖ്യ പരിഗണന നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ ഭരണാധികാര മുൻഗണനകൾ വ്യക്തമാക്കുന്നതാണ് പുതിയ ബജറ്റ്. 2036ഓടെ തമിഴ്നാടിനെ 1.5 ട്രിലയൻ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യവുമായി വിദ്യാഭ്യാസ-സാങ്കേതിക മുന്നേറ്റങ്ങളെ ധനമന്ത്രി ബന്ധിപ്പിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളും കുന്നുകൂടിക്കിടക്കുന്ന കടബാധ്യതകളും ബജറ്റിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ജനക്ഷേമ പദ്ധതികൾ ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്നും സർക്കാർ വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലക്ക് വലിയ ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസ വകുപ്പിനായി 44,527 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ഗവൺമെന്റ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി "സൂപ്പർ ക്ലീൻ, സൂപ്പർ കാമ്പസ്" (Super Clean, Super Campus) പദ്ധതി സർക്കാർ പ്രഖ്യാപിച്ചു.

ആദ്യ ഘട്ടത്തിൽ 139 കോടി ചെലവഴിച്ച് 10,000 സ്കൂളുകളെ ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരും. സ്കൂളുകളിൽ കൃത്യമായ ശുചീകരണവും കുടിവെള്ള ലഭ്യതയും ടോയ്‌ലറ്റ് പരിപാലനവും 24 മണിക്കൂർ കാമ്പസ് സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാധാരണയായി സ്കൂൾ കെട്ടിട നിർമാണത്തിന് മാത്രം പ്രാധാന്യം നൽകുന്ന രീതിക്ക് മാറ്റം വരുത്തി, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.