മുഖ്യമന്ത്രിയാകാൻ വിജയ്
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയ് യെ പാർട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇക്കാര്യമറിയിച്ച് സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് വിജയ് ഇ-മെയിൽ അയച്ചു. നിയമസഭയിൽ രണ്ടാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഗവർണറെ നേരിൽ കാണും.
ചൊവ്വാഴ്ച രാവിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് വിജയ് യുടെ അധ്യക്ഷതയിൽ പാർട്ടി എം.എൽ.എമാരുടെ യോഗം ചേർന്നാണ് നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്. നിയുക്ത എം.എൽ.എമാരിൽനിന്ന് സമ്മതപത്രവും ഒപ്പിട്ടുവാങ്ങി. എം.എൽ.എമാരോട് ചെന്നൈയിൽ തുടരാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിന് മഹാബലിപുരത്തെ സ്വകാര്യ നക്ഷത്ര റിസോർട്ടിൽ താമസ സൗകര്യവും ഏർപ്പെടുത്തി. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ സംഘടിപ്പിക്കാനാണ് ആലോചന. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന വിജയ്ക്കൊപ്പം എൻ. ആനന്ദ്, ആധവ് അർജുന ഉൾപ്പെടെ ചില പാർട്ടി ഭാരവാഹികളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.
അതിനിടെ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ടി.വി.കെ കേന്ദ്രങ്ങൾ തീവ്രശ്രമം നടത്തുന്നുണ്ട്. ടി.വി.കെക്ക് 108 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് കൂടി വേണം. നിലവിൽ കോൺഗ്രസ്, വി.സി.കെ, ഇടതുകക്ഷികൾ, പാട്ടാളി മക്കൾ കക്ഷി തുടങ്ങിയവരുടെ പിന്തുണ തേടാനാണ് ശ്രമം. സർക്കാർ രൂപവത്കരിക്കാൻ ടി.വി.കെ അധ്യക്ഷൻ വിജയ് കോൺഗ്രസിന്‍റെ പിന്തുണ തേടിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തമിഴ്‌നാട് കോൺഗ്രസ് ഘടകം ബുധനാഴ്ച രാവിലെ ചെന്നൈയിൽ യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു. ജനവിധി ഒരു "മതനിരപേക്ഷ സർക്കാറിന്" വേണ്ടിയുള്ളതാണെന്നും സംസ്ഥാനത്ത് ഒരു ബി.ജെ.പി സർക്കാർ വരാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ട്.
