ട്വിറ്റർ ഫാൻസ്: വിരാട് കോഹ്ലി സച്ചിനെ മറികടന്നു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും ആരാധകരുള്ള കളിക്കാരൻ ആര് എന്ന ചോദ്യത്തിന് കഴിഞ്ഞ് 10 വർഷത്തിനിടയിൽ സച്ചിൻ എന്നല്ലാതെ മറ്റൊരു പേര് ഉണ്ടായിട്ടില്ല. ഇപ്പോഴും അതു തന്നെയാണ് സ്ഥിതി. പക്ഷേ ട്വിറ്ററിലെ ഫോളേവേഴ്സിന്റെ എണ്ണത്തിൽ ഇനി ആ അംഗീകാരം മറ്റൊരാൾക്കായിരിക്കും. ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ വിരാട് കോഹ്ലി.
കോഹ്ലിയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് കളിയെഴുത്തുകാർ പ്രവചിച്ചുകഴിഞ്ഞു. അതിനു തൊട്ടുപിന്നാലെയാണ് ട്വിറ്ററിൽ ആരാധകരുടെ വൻ വർദ്ധനവുണ്ടായത്. നാൽപ്പത്തിയെട്ട് ലക്ഷത്തി എഴുപതിനായിരമാണ് ഇപ്പോൾ കോഹ്ലിയുടെ ആരാധകരുടെ എണ്ണം. ഇന്നലത്തെ കണക്കനുസരിച്ച് 48,70,190 പേരാണ് കോഹ്ലിയെ ഫോളോ ചെയ്യുന്നത്. 48,69,849 പേരുമായി തൊട്ടുപിന്നിലാണ് സച്ചിൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായ വൻ വർദ്ധനവിലൂടെയാണ് കോഹ്ലി സച്ചിനെ മറികടന്നത്. ഇന്ത്യൻ സ്‌പോർട്‌സ് താരങ്ങളിൽ ഏറ്റവുമധികം ട്വിറ്റർ ഫോളോവേഴ്‌സുള്ള താരമെന്ന ബഹുമതിയും ഇനി കോഹ്ലിക്ക് സ്വന്തം.
ട്വിറ്റർ ഫോളോവേഴ്‌സിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഇന്ത്യൻ സ്‌പോർട്‌സ് താരങ്ങളുടെ പട്ടിക താഴെ ചേർക്കുന്നു. ക്രിക്കറ്റിന് വെളിയിൽ നിന്നും ഇതിൽ ഉൾപ്പെട്ട ഏക താരം സാനിയ മിർസയാണ്.
വിരാട് കോഹ്ലി- 48,70000
സച്ചിൻ തെണ്ടുൽക്കർ- 48,69000
ധോണി – 33,27000
സേവാഗ് – 31,80000
യുവരാജ് സിംഗ് – 27,23000
സുരേഷ് റെയ്‌ന – 26,17000
സാനിയ മിർസ – 22,10000
സഹീർ ഖാൻ – 17,32000
ഗൗതം ഗംഭീർ – 16,43000
രോഹിത് ശർമ്മ – 15,86000