കോഹ്‌ലി പക്വതയോടെ പെരുമാറണം; സ്റ്റീവ് വോ
സിഡ്‌നി: ക്രിക്കറ്റ് പുതുമുഖങ്ങൾക്കിടയിലെ മികച്ച ബാറ്റ്സ്മാനാണ് വിരാട് കേഹ്ലിയെന്ന് ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, ദ്രാവിഡ്, ലക്ഷ്മൺ എന്നിവരുടെ പിൻഗാമിയായാണ് കോഹ്ലിയെ ക്രിക്കറ്റ് ലോകം കാണുന്നത്. എന്നാൽ കോഹ്‌ലിയുടെ അപക്വമായ പെരുമാറ്റം അതിന് തടസ്സമാകുമെന്നും സ്റ്റീവ് വോ പറഞ്ഞു. പെരുമാറ്റത്തിൽ കുറച്ച് ശ്രദ്ധിച്ചാൽ എല്ലാവരുടേയും ബഹുമാനം ആർജ്ജിക്കാൻ കോഹ്‌ലിക്ക് സാധിക്കുമെന്നും സ്റ്റീവ് വോ അഭിപ്രായപ്പെട്ടു.
പതിനഞ്ചുകാരനായ മകൻ ഓസ്റ്റിൻ റോൾ മോഡലാക്കാൻ ഒരു ക്രിക്കറ്ററുടെ പേര് ചോദിച്ചപ്പോൾ സ്റ്റീവ് വോ നിർദ്ദേശിച്ചത് കോഹ്‌ലിയുടെ പേരാണ്. സമകാലിക ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഒരു പോലെ കളിക്കുന്ന ഏകതാരം കോഹ്‌ലിയാണെന്നും ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷമുള്ള കോഹ്‌ലിയുടെ പ്രകടനം ഇത് വ്യക്തമാക്കുന്നുവെന്നും സ്്്റ്റീവ് വോ പറയുന്നു.
സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറുകയാണ് കോഹ്‌ലി ചെയ്യേണ്ടത്. മാധ്യമപ്രവർത്തകർക്ക് അവരവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകാം. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കണം. ഭാവിയിൽ കോഹ്‌ലി പക്വതയോടെ പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റീവ് വോ പറഞ്ഞു.