സന്നാഹം സൂപ്പറായി; ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ

 | 
Cricket
 

രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക് അനായാസ വിജയം. ഓസ്ട്രേലിയയെ 9 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഓസീസ് ഉയർത്തിയ 153 എന്ന വിജയലക്ഷ്യം 18ആം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 41 പന്തിൽ 60 റൺസ് നേടിയ രോഹിത് ശർമ്മ, 39 റൺസ് നേടിയ  കെ.എൽ രാഹുൽ, 38 റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവർ ഇന്ത്യയെ വേഗത്തിൽ ലക്ഷ്യത്തിൽ എത്തിച്ചു. രാഹുൽ മാത്രമാണ് പുറത്തായത്. രോഹിത് പരിക്ക് കാരണം പിന്മാറി. ഹർദിക് പാണ്ഡ്യ 14 റൺസ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ തന്നെ 3 വിക്കറ്റ് നഷ്ടമായി. 1 റൺ എടുത്തു വാർണർ, 8 റൺസ് നേടി നായകൻ ആരോൺ ഫിഞ്ച്, പൂജ്യനായി മിച്ചൽ മാർഷ്‌ എന്നിവർ പുറത്തായി. അശ്വിൻ 2 വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്ത്തിയാണ് മുന്നേറ്റ നിരയെ തകർത്തത്. പിന്നീട് സ്മിത്ത്- മാക്സ്വെൽ സഖ്യം പിടിച്ചു നിന്നു. വ്യക്തിഗത സ്കോർ 37ൽ നിൽക്കെ രാഹുൽ ചാഹർ മക്സ്വെല്ലിനെ മടക്കി. എന്നാൽ സ്റ്റോയ്ണിസിനെ കൂട്ടുപിടിച്ച് സ്മിത്ത് ഓസ്‌ട്രേലിയയെ കരകേറ്റി. സ്മിത്ത്  57ന് പുറത്തായി. ഭുവനേശ്വർ കുമാറിനാണ് വിക്കറ്റ്. സ്റ്റോയ്ണിസ് 25 പന്തിൽ 41 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ വിരാട് കോഹ്‌ലിയും പന്തെറിഞ്ഞു.

മറ്റൊരു സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലാന്റിനെ 13 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്ട്ലറുടെ 73 റൺസിന്റെയും ബെയർസ്റ്റോ (30), സാം ബില്ലിംഗ്സ്(27) എന്നിവരുടെയും മികവിൽ 163 റൺസ് നേടി. കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ 3 വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധി ആണ് പിടിച്ചു നിർത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് ടീമിന് വേണ്ടി ഗപ്ടിൽ (41), സോധി(25) എന്നിവർ നല്ല പ്രകടനം കാഴ്‌ചവെച്ചു. മാർക് വുഡ് 4ഉം ആദിൽ റഷീദ് 3 വിക്കറ്റും വീഴ്ത്തി.