ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കും; ഫേസ്ബുക്ക് പോസ്റ്റിൽ പിണറായി

തോൽവിയിൽ നാലാം ദിനമാണ് പിണറായി പ്രതികരിക്കുന്നത്
 | 
pinarayi vijayan

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽ.ഡി.എഫിന് ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറയുന്നതായും പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവിയിൽ നാലാം ദിനമാണ് പിണറായി പ്രതികരിക്കുന്നത്. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും വലിയൊരു ജനവിഭാഗം എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്നുവെന്നത് തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എൽ.ഡി.എഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.