പ്രതിഫല തർക്കം: വിൻഡീസ് ഇന്ത്യൻ പര്യടനത്തിൽ നിന്നും പിന്മാറുന്നു
ധർമ്മശാല: പ്രതിഫല തർക്കത്തെ തുടർന്ന് ഇന്ത്യൻ പര്യടനത്തിലെ ഇനിയുള്ള മത്സരങ്ങളിൽ നിന്നും വെസ്റ്റിൻഡീസ് പിൻമാറുന്നതായി ടീം മാനേജർ റിച്ചി റിച്ചാർഡ്സൺ അറിയിച്ചു. ഇക്കാര്യം കാണിച്ച് ടീം ബി.സി.സി.ഐയ്ക്ക് കത്തയച്ചു. ഒരു ഏകദിനവും ഒരു ട്വന്റി 20 മത്സരവും മൂന്ന് ടെസ്റ്റുകളുമാണ് പരമ്പരയിൽ ഇനി നടക്കാനുള്ളത്.
വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡും വെസ്റ്റിൻഡീസ് പ്ലയേഴ്‌സ് അസോസിയേഷനും തമ്മിലുള്ള കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ടീം പിന്മാറുന്നത്. ടീമിന്റെ വിയോജിപ്പ് ക്യാപ്റ്റൻ ബ്രാവോ ഇന്ന് ടോസിന് ശേഷം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ മാത്രമാണ് ധർമ്മശാല ഏകദിനത്തിൽ കളിക്കുന്നതെന്ന് ബ്രാവോ ടോസിനിടെ പറഞ്ഞിരുന്നു.
കൊൽക്കത്തയിലെ ഈഡൻഗാർഡനിലാണ് അഞ്ചാം ഏകദിനം നടത്താൻ തീരുമാനിച്ചിരുന്നത്. കട്ടക്കിലെ ട്വന്റി 20 മത്സരവും ഹൈദരാബാദിലേയും ബംഗളൂരുവിലേയും അഹമ്മദാബാദിലേയും ടെസ്റ്റുകളുമാണ് ഇനി നടക്കാനിരുന്നത്. ഒക്ടോബർ എട്ടിന് കൊച്ചിയിൽ നടന്ന ഏകദിന മത്സരത്തിന് മുമ്പും വിൻഡീസ് കളിക്കാർ ബഹിഷ്‌ക്കരണ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ബി.സി.സി.ഐയുടെ ഇടപെടൽ മൂലം കളിക്കാർ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.