കോഹ്‍ലി മാറി രോഹിത് വരുമ്പോൾ

 | 
kohli and rohit

ഇന്ത്യയുടെ ടി20 ടീമിനെ നയിക്കാൻ രോഹിത് ശർമ്മയെ ചുമതലയേൽപ്പിച്ചിരിക്കുകയാണ് ബിസിസിഐ. പുതിയ കോച്ചായ രാഹുൽ ദ്രാവിഡിന് കീഴിലായിരിക്കും രോഹിത്ത് ശർമ്മ ന്യൂസിലാന്റിനെതിരെ ഇന്ത്യയെ നയിക്കുന്നത്. മഹേന്ദ്രസിം​ഗ് ധോണിയിൽ തുടങ്ങി കോഹ്‍ലി വഴി ഇപ്പോൾ രോഹിത്ത് ശർമ്മയിലെത്തി നിൽക്കുകയാണ് ഇന്ത്യയുടെ കുട്ടിക്രിക്കറ്റ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകനായി തിളങ്ങിയ രോഹിത്തിന് ഇന്ത്യൻ നായകൻ എന്ന നിലയിലും തിളങ്ങാൻ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ മുന്നിലുള്ളത്. 

നിലവിൽ ഇന്ത്യയെ 19 കളികളിൽ രോഹിത്ത് ശർമ്മ നയിച്ചിട്ടുണ്ട്. അതിൽ 15ലും അദേഹം വിജയം കണ്ടിട്ടുമുണ്ട്. കോഹ്‍ലി 50 കളികളിലും ധോണി 72 കളികളിലും  ഇന്ത്യയെ നയിച്ചു. 19 കളികളിലെ കണക്കെടുക്കുന്നത് ബാലിശമാണെങ്കിലും ഈ രണ്ടു പേരക്കാളും വിജയശതമാനം രോ​ഹിത്തിനുണ്ട് എന്നത് പറയാതെ വയ്യ. ഒരു കളി നയിച്ച സേവാ​ഗും, മൂന്ന് കളികളിൽ നായകനായ സുരേഷ് റെയ്നയും ധവാനും രണ്ട് കളികളിൽ ഇന്ത്യയെ നയിച്ച രഹാനെയേയും ഒഴിവാക്കിയാൽ ധോണിയും കോഹ്‍ലിയും തന്നെയാണ് 2007 മുതൽ ഇങ്ങോട്ട് ഇന്ത്യൻ ടീമിന്റെ അമരത്ത്. ആ സ്ഥാനത്തേക്ക് പൊതുവെ അലസനെന്ന് പറയപ്പെടുന്ന രോഹിത് ശർമ്മ വരികയാണ്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് തലമുറമാറ്റം തന്നെയാണ്. 

ഒരു കളിക്കാരൻ എന്ന നിലയിൽ കോഹ്‍ലിക്ക് തന്നെയായിരിക്കും തലപ്പൊക്കമെങ്കിലും അദേഹത്തിന് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിൽ രോഹിത്ത് എത്തിയിട്ടുണ്ട്. ഏറെ ആ​ഘോഷിച്ച നായകനായ കോഹ്‍ലിക്ക് ഇന്ത്യക്കായി ഐസിസി ട്രോഫികൾ ഒന്നും തന്നെ നേടാൻ സാധിച്ചിട്ടില്ല. ഐപിഎല്ലിൽ പോലും തന്റെ ടീമായ ആർസി ബാം​ഗ്ലൂരിന് കിരീടം നേടിക്കൊടുക്കാൻ അ​ദേഹത്തിനായില്ല. അതേ സമയം ഐപിഎല്ലിലെ ഏറ്റവുമധികം കിരീടം നേടിയ നായകനായി രോഹിത് ശർമ്മ മാറുകയും ചെയ്തു. അത്തരത്തിൽ കണക്കുകളുടെ അളവുകോലിൽ തൂക്കിനോക്കിയാൽ നായകൻ എന്ന നിലയിൽ രോഹിത് ശർമ്മക്ക് ഒരൽപ്പം തലപ്പൊക്കം നമ്മൾ കൽപ്പിച്ചു കൊടുക്കേണ്ടിവരും. കളിക്കളത്തിൽ ഏറെക്കുറെ ശാന്തനും അലസനും ആണ് രോഹിത്. കോഹ്‍ലിയെ പോലെ അ​ഗ്രസീവ് അല്ല. എതിരാളികളെ വാക്കുകൊണ്ടും നോക്കുകൊണ്ടും രോഹിത്തിന് കീഴ്പ്പെ‌ടുത്താൻ കഴിഞ്ഞേക്കില്ല. പക്ഷെ ഏറ്റവും സന്നി​ഗ്ദ ഘട്ടങ്ങളിലും കൂൾ ആയിരിക്കുന്ന മഹേന്ദ്രസിം​ഗ് ധോണിയുടെ ഒരു മനോഭാവം ചിലപ്പോഴെങ്കിലും രോഹിത് ശർമ്മയിൽ കണ്ടിട്ടുണ്ട്. പരാജയത്തിന്റെ മുന്നിൽ നിന്നും ചിരിച്ചുകൊണ്ട് കിരീടം നേടിയ രോഹിത്തിനെ നമ്മൾ ഐപിഎല്ലിൽ പല തവണ കണ്ടിട്ടുമുണ്ട്.

കളിക്കാരെ മോശം പ്രകടനം നടത്തിയാലും വലിയ പിന്തുണ നൽകുന്ന സ്വഭാവ സവിശേഷത രോഹിത് ശർമ്മക്കുണ്ടെന്ന് അദേഹത്തിന്റെ ആരാധകർ വാദിക്കുന്നു. എംഎസ് ധോണിയിൽ നിന്നും രോഹിത്തിന് പകർന്നുകിട്ടിയ ഒന്നായിരിക്കും അത്. അത്രമേല്‍ ധോണി രോഹിത്തിനെ പോലൊരു കളിക്കാരനെ പിന്‍തുണച്ചിട്ടുണ്ട്.  വിജയത്തിൽ പരിധിവിട്ട് ആനന്ദിക്കുന്ന പരാജയത്തിൽ പ്രകോപിതനാകുന്ന വ്യക്തിയല്ല രോഹിത്. രോഹിത്താണോ കോഹ്‍ലിയാണോ നല്ല നായകൻ എന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കഴിഞ്ഞ സമയത്ത് ചർച്ചയായിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം രോഹിത് ശർമ്മക്ക് പിന്തുയുണ്ടായി വരുന്നതും നമ്മൾ കണ്ടു. ഇതിന്റെയെല്ലാം തുടർച്ചയായിട്ടാണ് ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിലെ നായകസ്ഥാനം രോഹിത് ശർമ്മയെ തേടിവരുന്നത്. 

കോഹ്‍ലിക്ക് പറ്റിയ കോച്ചായിരുന്നു ശാസ്ത്രി. കളിക്കാ‍ർക്ക് വേണ്ടി തുന്നിയുണ്ടാക്കിയ കുപ്പായമാണ് അ​ദേഹം. എന്നാൽ രാ​ഹുൽ ദ്രാവിഡ് ഒരിക്കലും അങ്ങിനെയാവില്ല. അദേഹം തുന്നിത്തരുന്ന കുപ്പായം കളിക്കാർ ഇടേണ്ടിവരും. ഇവിടെയാണ് രോഹിത് എന്ന നായകന്റെയും മറ്റ് ഫോർമാറ്റുകളിൽ കോഹ്‍ലിയുടേയും ദ്രാവിഡുമായുള്ള  രാസസംതുലനം നോക്കിക്കാണേണ്ടത്. ഇതുതന്നെയായിരിക്കും ഇനി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തീരുമാനിക്കുന്നതും.