സച്ചിനെ ആരാധിച്ച ഫിലിപ്പ് ഹ്യൂഗ്‌സ്
മുംബൈ: അകാലത്തിൽ പൊലിഞ്ഞ ക്രിക്കറ്റ് താരം ഫിലിപ് ഹ്യൂഗ്സ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറിന്റെ കടുത്ത ആരാധകനായിരുന്നുവെന്ന് റിപ്പോർട്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇതിഹാസ താരത്തെ കാണുന്നതിന് വേണ്ടി ഹ്യൂഗ്സ് മുംബൈയിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇന്ന് ദേശീയ പത്രങ്ങൾ പുറത്തുവിട്ടു.
2009ലായിരുന്നു ആ കൂടിക്കാഴ്ച. ആഷസ് ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷമുള്ള നിരാശ ഹ്യൂഗ്‌സിനെ പിന്തുടർന്നുകൊണ്ടിരുന്നു. വിഷയം തന്റെ കുട്ടിക്കാലത്തെ കോച്ചായിരുന്ന നെയിൽ ഡി കോസ്റ്റയുമായി ഹ്യൂഗ്‌സ് ചർച്ച ചെയ്തു. കോസ്റ്റയുടെ നിർദ്ദേശ പ്രകാരമാണ് ഹ്യൂഗ്‌സ് മാസ്റ്റർ ബ്ലാസ്റ്ററിനെ കാണാൻ തീരുമാനിച്ചത്.
വിദർഭ ക്രിക്കറ്റ് അസോസിയേഷനിലെ മുൻ ക്രിക്കറ്റർ പ്രശാന്ത് വൈദ്യയുമായി സംസാരിച്ച് കൂടിക്കാഴ്ചയ്ക്ക് ചട്ടം കൂട്ടി. ഹ്യൂഗ്‌സുമായുള്ള കൂടിക്കാഴ്ചയ്ക്ക് സച്ചിൻ സമ്മതം മൂളിയതോടെ 2009ൽ സച്ചിനെ കാണുന്നതിനായി ഫിലിപ്പ് മുംബൈയിലെത്തി. ഇന്ത്യയുടെ മുൻ പേസ് ബോളറും നിലവിലെ കോച്ചുമായ സുബ്രതോ ബാനർജിയാണ് അന്ന് ഹ്യൂഗ്‌സിനെ സച്ചിനരുകിലേക്ക് നയിച്ചത്.
സച്ചിനെ ആദ്യമായി കാണുമ്പോഴുണ്ടാകുന്ന ആകാംക്ഷ ഹ്യൂഗ്‌സിന്റെ മുഖത്തു നിന്നും വായിച്ചെടുക്കാവുന്നതായിരുന്നു. സച്ചിനുമായി കുറേയധികം സമയം ഹ്യൂഗ്‌സ് ചെലവഴിച്ചു. ഇരുവരും ക്രിക്കറ്റിന്റെ ലോകത്തേക്കുറിച്ച് വാചാലരായി. പ്രധാനമായും ഹ്യൂഗ്‌സ് സംസാരിച്ചത് തന്റെ ബാറ്റിംഗ് തകർച്ചകളെക്കുറിച്ചായിരുന്നു. സച്ചിനിൽ നിന്നും ലഭിച്ച ചില ടിപ്‌സുകൾ ഹ്യൂഗ്‌സ് മനസ്സിൽ കുറിച്ചെടുത്തു. ഒരു ക്രിക്കറ്റർ എങ്ങനെ ക്രിക്കറ്റിനെ മാനസികമായി സമീപിക്കണം തുടങ്ങിയ കാര്യങ്ങളും ഹ്യൂഗ്‌സ് സച്ചിനിൽ നി്ന്നും ചോദിച്ചറിഞ്ഞു.
ആ കൂടിക്കാഴ്ചയുടെ ഓർമ്മകൾ ഒരു പക്ഷേ മരിക്കുന്നതുവരെയുളള ഹ്യൂഗ്‌സിന്റെ കളികൾക്ക് പ്രചോദനമായിരുന്നിരിക്കാം.