ഏകദിന പരമ്പരയിൽ കളിക്കും; ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് മുന്നേ ചർച്ച നടത്തിയില്ല: കോഹ്‍ലി

രോഹിത്തുമായി പ്രശ്നമില്ലെന്നും കോഹ്ലി
 | 
kohli

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കളിക്കുമെന്ന്  വിരാട് കോലി വ്യക്തമാക്കി.  ഏകദിന ക്യാപ്റ്റനായി രോഹിത് ശര്‍മയെ  തിരഞ്ഞെടുത്ത ശേഷമാണ് ചീഫ് സെലക്ടറും  സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും അക്കാര്യം തന്നെ അറിയിച്ചതെന്നും  കോഹ്‍ലി പറഞ്ഞു.  അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും വിരാട് കോലി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ വിഷയത്തില്‍ കോഹ്ലിക്കുള്ള അതൃപ്തി അദേഹത്തിന്‍റെ വാക്കുകളില്‍ വ്യക്തമായിരുന്നു. 

'ഏകദിന പരമ്പരയ്ക്ക് ഞാനുണ്ടാകും. ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ഏകദിനത്തിനുണ്ടാകില്ല എന്ന വാര്‍ത്ത വ്യാജമാണ്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് എനിക്ക് അറിയില്ല.കോഹ്ലി പറഞ്ഞു. ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ചീഫ് സെലക്ടര്‍ എന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അതിനുശേഷം ഫോണ്‍ കോള്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ ഞാന്‍ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടര്‍മാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടര്‍ അറിയിച്ചു. ഇതാണ് നടന്നതെന്നും കോഹ്ലി പറഞ്ഞു. 

സംബര്‍ 26 മുതല്‍ 30 വരെ സെഞ്ചൂറിയനിലാണ്  ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ്. ജനുവരി മൂന്നു മുതല്‍ ഏഴു വരെ ജോഹന്നാസ്ബര്‍ഗില്‍ രണ്ടാം ടെസ്റ്റും ജനുവരി 11 മുതല്‍ 15 വരെ കേപ് ടൗണില്‍ മൂന്നാം ടെസ്റ്റും നടക്കും. പിന്നാലെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയും നടക്കും. 

രോഹിത്തും കോച്ച് രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ടീമിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്നും കോഹ്ലി പറഞ്ഞു. രോഹിത്തുമായി പ്രശ്നമില്ലെന്നും കോഹ്ലി ആവർത്തിച്ചു.