ബ്രസീൽ ടീം കൊച്ചിയിൽ കളിക്കും?

ബ്രസീൽ-യുറഗ്വായ് മത്സരം നടത്താനാണ് ആലോചന
 | 
Brazil vs argentina

വിനീഷ്യസ് ജൂനിയർ ഉൾപ്പെട്ട ബ്രസീലിന്റെ മഞ്ഞപ്പട ഒരുവശത്ത്. മറുവശത്ത് ഫെർണാണ്ടോ മുസ്‌ലേരയും ഹോസെ മരിയ ജിമെനസുമൊക്കെ ഉൾപ്പെട്ട യുറഗ്വായ് നിര. ലോകഫുട്‌ബോളിലെ ആവേശക്കാഴ്ചയാകുമെന്നുറപ്പുള്ള ഈ മത്സരത്തിന് വേദിയാകാൻ കൊച്ചിക്ക് സാധ്യതതെളിയുന്നു. ഒക്ടോബറിൽ ബ്രസീൽ ടീം കൊൽക്കത്തയിൽ എത്തുന്നതിനു പിന്നാലെയാണ് കഴിഞ്ഞ ലോകകപ്പിലെ ആവേശ ടീമായ കേപ് വെർദെയെയും മുൻ ലോക ചാമ്പ്യന്മാരായ യുറഗ്വായിയെയും ഉൾപ്പെടുത്തി ഇന്ത്യയിൽ മൂന്ന് കളിക്ക് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ശ്രമങ്ങൾ നടത്തുന്നത്.

ഒക്ടോബർ മൂന്നിനാണ് കൊൽക്കത്തയിൽ ഇന്ത്യ-ബ്രസീൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ആ നേരത്ത് കേപ് വെർദെയെയും യുറഗ്വായിയെയും ഇന്ത്യയിലെത്തിച്ച് ഒരു മത്സരത്തിന് പകരം മൂന്ന് മത്സരമായി പുനഃക്രമീകരിക്കാനാണ് ശ്രമം. അങ്ങനെയാണെങ്കിൽ കൊൽക്കത്തയിൽ ഇന്ത്യ-ബ്രസീൽ മത്സരം ഉപേക്ഷിക്കും. പകരമായി ഇന്ത്യ-കേപ് വെർദെ കളിയും ബ്രസീൽ-കേപ് വെർദെ കളിയുമാകും നടക്കുന്നത്. മൂന്നാമതായി ബ്രസീൽ-യുറഗ്വായ് മത്സരം കൊച്ചിയിൽ നടത്താനാണ് ആലോചിക്കുന്നത്. കേരളത്തിലേക്ക് ഒരു കളി എത്താൻ നല്ല സാധ്യതയുണ്ടെന്നാണ് കേരള ഫുട്‌ബോൾ ഫെഡറേഷനും നൽകുന്ന സൂചന. കളി കേരളത്തിനു കിട്ടിയാൽ കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിനാകും പ്രഥമപരിഗണന.