സിറ്റി, ചെൽസി,ലിവർപൂൾ,മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ എന്നിവർക്ക് വിജയം

 | 
Football
 

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 16ആം റൗണ്ട് മത്സരങ്ങളിൽ മുൻനിര ടീമുകൾക്ക് വിജയം. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ എന്നിവർ വിജയിച്ചപ്പോൾ ആസ്റ്റൺ വില്ല, വൂൾഫ്‌സ് എന്നിവർ പരാജയപ്പെട്ടു. 

എതിരില്ലാത്ത ഒരു ഗോളിനാണ് പെപ്പ് ഗാഡിയോളയുടെ സിറ്റി , വൂൾഫ്‌സിനെ തോൽപ്പിച്ചത്. റഹീം സ്റ്റെർലിംഗ് നേടിയ പെനാൽറ്റി ഗോൾ ആണ് സിറ്റിയെ വിജയിപ്പിച്ചത്. ആദ്യ പകുതിയുടെ അവസാനത്തിൽ റൗൾ ജിമെൻസിനെ ചുവപ്പ് കാർഡ് കണ്ട് നഷ്ടമായ വൂൾഫിസിന് പിന്നെ 10 പേരുമായി സിറ്റിക്ക് എതിരെ പൊരുതാൻ ആയില്ല. 

ചെൽസിയെ വിറപ്പിച്ചാണ് ലീഡ്സ് കീഴടങ്ങിയത്. 28ആം മിനിറ്റിൽ റാഫിന്നയുടെ പെനാൽറ്റിയിൽ മുന്നിൽ എത്തിയ ലീഡിസ് 42ആം മിനിറ്റിൽ ഗോൾ വഴങ്ങി. മാസൻ മൗണ്ട് ആണ് ഗോൾ നേടിയത്. 58ആം മിനിറ്റിൽ നേടിയ പെനാൽറ്റിയിലൂടെ ജോർജിഞ്ഞോ ചെൽസിയെ മുന്നോട്ട് എത്തിച്ചു. 83ആം മിനിറ്റിൽ ജോ ഗൽഹാർട്ട് സമനില നേടി. എന്നാൽ 94ആം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ജോർജിഞോ ടീമിന് വിലപ്പെട്ട 3 പോയിന്റ് നേടിക്കൊടുത്തു. 

ആസ്റ്റൺ വിലയുടെ കോച്ച് ആയി ആദ്യമായി ആൻഫീൽഡിൽ എത്തിയ ലിവർപൂൾ ഇതിഹാസ താരം  സ്റ്റീവൻ ജെറാർഡിന് ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂൾ വിജയിച്ചു. 67ആം മിനിറ്റിൽ മുഹമ്മദ് സല  നേടിയ പെനാൽറ്റി ഗോൾ ആണ് ടീമിനെ വിജയിപ്പിച്ചത്. 

75ആം മിനിറ്റിൽ ക്രിസ്റ്റിയാനോ റൊണാൾഡോ നേടിയ പെനാൽറ്റി ഗോൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയിപ്പിച്ചത്. ലീഗിലെ അവസാന സ്ഥാനക്കാരായ നോർവിച് സിറ്റി യൂണൈറ്റഡിനെതിരെ നന്നായി പൊരുതി. 

സൗത്താംപ്ടണെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ചാണ് ആഴ്‌സണലിന്റെ മുന്നേറ്റം. അലക്‌സാണ്ടർ ലകാസെറ്റെ, മാർട്ടിൻ ഓഡേഗാർഡ്, ഗബ്രിയേൽ മഗാൽഹേസ് എന്നിവർ ഗോൾ നേടി. സൂപ്പർ താരം ഒബൊമയാങിനെ ആഴ്‌സണൽ കളിപ്പിച്ചില്ല. വാറ്റ്ഫോഡിഫിനെ തോൽപ്പിച്ചു ബ്രെന്റ്ഫോഡ് 3 പോയിന്റ് സ്വന്തമാക്കി. 

16 കളികൾ കഴിഞ്ഞപ്പോൾ 38 പോയിന്റ് ആയി സിറ്റി ഒന്നാമതും 37 പോയിന്റ് ഉള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തും 36 പോയിന്റ് ഉള്ള ചെൽസി മൂന്നാം സ്ഥാനത്തും ആണ്. 27 പോയിന്റ് നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് 5 സ്ഥാനത്തേക്ക് കയറി. വെസ്റ്റ്ഹാം ആണ് നാലാം സ്ഥാനത്ത്. 15 കളിയിൽ നിന്ന് 27 പോയിന്റ് ആണ് അവർക്ക്. ഇന്ന് അവർ ബേൺലിയെ  നേരിടും.