ലോകകപ്പ് യോഗ്യത: ഇറ്റലിക്ക് സമനില, സ്പെയിനിനെ തകർത്ത് സ്വീഡൻ
യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത മത്സരത്തിൽ അപ്രതീക്ഷിത സമനില. ഫിഫ റാങ്കിംഗിൽ എഴുപത്തിയഞ്ചാം സ്ഥാനത്തുള്ള ബൾഗേറിയയാണ് ഇറ്റലിയെ ഓരോ ഗോൾ സമനിലയിൽ തളച്ചത്. പതിനാറാം മിനിറ്റിൽ ഫെഡറിക്കോ കിയാസെയുടെ ഗോളിൽ മുന്നിലെത്തിയ ഇറ്റലിയെ മുപ്പത്തിയൊമ്പതാം മിനിറ്റിൽ ബൾഗേറിയ സമനിലയിലൂടെ തളച്ചു. എൺപതു ശതമാനത്തോളം പന്ത് കൈവശം വച്ചിട്ടും തുടരെ തുടരെ ആക്രമണങ്ങൾ നടത്തിയിട്ടും ഇറ്റലിക്ക് ഗോളടിക്കാനായില്ല.
മറ്റൊരു മത്സരത്തിൽ സ്പെയിൻ സ്വീഡനോട് തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വീഡന്റെ വിജയം. ബെൽജിയം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് എസ്തോണിയയേും തകർത്തപ്പോൾ അയർലാന്റ് ലിത്വാനിയേയും , ചെക്ക് റിപ്പബ്ലിക്ക് ബലാറസിനേയും തോൽപ്പിച്ചു. പോളണ്ട്, ഇംഗ്ലണ്ട്, അന്റോറ, ജർമ്മനി, റൊമാനിയ തുടങ്ങിയവരും ജയിച്ചു.
ലാറ്റിനമേരിക്കയിൽ നടന്ന കളികളിൽ ബ്രസീലും അർജന്റിനയും ജയിച്ചു. ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ തോൽപ്പിച്ചപ്പോൾ അർജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെനസ്വേലയെ തോൽപ്പിച്ചു.