ലോകകപ്പ് ടി20: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമിയിൽ; ജയിച്ചിട്ടും ദക്ഷിണാഫ്രിക്ക പുറത്ത്

വെസ്റ്റിൻഡീസിനെ തകർത്ത് ഓസ്‌ട്രേലിയ; ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. റബാദക്ക് ഹാട്രിക്.
 | 
Semi
 

സൂപ്പർ 12ൽ ഗ്രൂപ്പ് 1ൽ നിന്ന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ലോകകപ്പ് ട്വന്റി20യുടെ സെമിയിൽ എത്തി. ഗ്രൂപ്പ് ജേതാക്കൾ ആയി ഇംഗ്ലണ്ട് എത്തിയപ്പോൾ ഓസ്‌ട്രേലിയ ഗ്രൂപ്പിലെ  അവസാന കളിയിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് രണ്ടാം സ്ഥാനക്കാരായി സെമിയിൽ കടന്നു.  8 വിക്കറ്റിനായിരുന്നു ഓസിസിൻ്റെ വിജയം. ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയോട് 10 റൺസിന് തോറ്റെങ്കിലും മികച്ച റൺറേറ്റിൽ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തി. ഓസ്‌ട്രേലിയയുടെ എതിരാളികൾ പാകിസ്ഥാൻ ആയിരിക്കും. ന്യൂസിലാൻഡ്, അഫ്‌ഗാൻ കളിയിൽ ന്യൂസിലാൻഡ് ജയിച്ചാൽ അവർ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. അഫ്‌ഗാൻ ജയിച്ചാൽ ഇന്ത്യ- നമീബിയ മത്സരം കഴിയുന്നത് വരെ ഇംഗ്ലണ്ട് കാത്തിരിക്കണം. 

അബുദാബിയിൽ നടന്ന ഓസ്‌ട്രേലിയ- വെസ്റ്റിൻഡീസ് മത്സരം ക്രിസ് ഗെയിൽ, ഡിജെ ബ്രാവോ എന്നിവരുടെ വിടവാങ്ങൽ  മത്സരമായിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. 2 സിക്സർ പായിച്ചു നന്നായി തുടങ്ങിയ ക്രിസ് ഗെയിലിനെ(15)പുറത്താക്കി കമ്മിൻസ് ഓസീസിന് നല്ല തുടക്കം നൽകി. നിക്കോളാസ് പൂരൻ(4) പെട്ടന്ന് തന്നെ മടങ്ങി. പിന്നാലെ വന്ന റോസ്റ്റൺ ചെയസിനെയും(0) ഹെയ്സൽവുഡ് മടക്കി. ഓപ്പണർ ലൂയിസും കഴിഞ്ഞ കളിയിലെ താരം ഹെത്ത്മെയറും നല്ല കൂട്ടുകെട്ട് ഉണ്ടാക്കാൻ നോക്കിയെങ്കിലും ലൂയിസ് (29) ആദം സാംപയെ സിക്സ് പറത്താൻ ശ്രമിച്ചു പുറത്തായി. ഹെത്ത്മെയറിനേയും അവസാന മത്സരം കളിക്കുന്ന ബ്രാവോയെയും ഹെയ്സൽവുഡ് മടക്കി. ഒരറ്റത്ത് പൊരുതിയ നായകൻ കിറൊൺ പൊളാഡ് ടീമിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചു. 44 റൺസ് എടുത്ത പൊളാഡിനെ സ്റ്റാർക് മടക്കി. 20 ഓവറിൽ 7 വിക്കറ്റിന് വിൻഡീസ് 157 റൺസ് നേടി. ഹെയ്സൽവുഡ് 4 വിക്കറ്റ് വീഴ്ത്തി.

നായകൻ ആരോൺ ഫിഞ്ച് (9) പെട്ടന്ന് പോയെങ്കിലും ഫോമിലേക്ക് ഉയർന്ന ഡേവിഡ് വാർണർ , മിച്ചൽ മാർഷുമൊത്തു കളി കരക്കടുപ്പിച്ചു. 56 പന്തിൽ പുറത്താകാതെ 89 റൺസ് എടുത്ത വാർണറും 32 പന്തിൽ 53 റൺസ് നേടിയ മാർഷും 124 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. ഒടുവിൽ കളി ജയിക്കാൻ ഒരു റൺ അകലെ വെച്ചു മാർഷ് , ക്രിസ് ഗെയിലിന് വിക്കറ്റ് നൽകി മടങ്ങി. 

കളി മികച്ച റൺ റേറ്റിൽ ജയിച്ചാൽ സെമി സാധ്യത ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്ക നന്നായി കളിച്ചു. വാൻ ഡെർ ദസന്റെ 94* റൺസിന്റെ മികവിൽ അവർ 190 റൺസ് എന്ന ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ഉയർത്തിയത്. മാർക്രം 54 റൺസ് നേടി പുറത്താകാതെ നിന്നു. ഡികോക്ക് 34 റൺസ് എടുത്തു. 

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് 59 റൺസ് എടുക്കുന്നതിനിടയിൽ ജോസ് ബട്ട്ലർ(24), ബെയർസ്റ്റോ (1) എന്നിവരെ നഷ്ടമായി. ജേസൻ റോയ് (20) പരിക്കേറ്റ് മടങ്ങി. പിന്നീട് മോയിൻ അലി(37), മാലൻ(33), ലിവിങ്സ്റ്റൺ(28) എന്നിവർ ടീമിനെ അവസാന ഓവർ വരെ വിജയപ്രതീക്ഷയിൽ എത്തിച്ചു. എന്നാൽ 14 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ക്രിസ് വോക്‌സ്, മോർഗൻ, ജോർദാൻ എന്നിവരെ തുടർച്ചയായ മൂന്ന് പന്തുകളിൽ പുറത്താക്കി ഹാട്രിക് നേടിയ റബാദ ദക്ഷിണാഫ്രിക്കയെ 10 റൺസിന് വിജയിപ്പിച്ചു. 

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് 8 പോയിന്റ് വീതം ആണ് ഉള്ളത്. ഇംഗ്ലണ്ടിന് +2.464, ഓസീസിന് +1.216, ദക്ഷിണാഫ്രിക്കക്ക് +0.739 എന്നിങ്ങനെ ആണ് നെറ്റ് റൺറേറ്റ്.