ലോകകപ്പ് ട്വന്റി20: ബംഗ്ലാദേശും സ്‌കോട്ട്‌ലന്‍ഡും സൂപ്പർ 12ൽ

അയർലൻഡ്- നമീബിയ മത്സര വിജയിക്കും സൂപ്പർ 12ൽ പ്രവേശിക്കാം
 | 
Bangladesh
 

ആതിഥേയരായ ഒമാനെ പരാജയപ്പെടുത്തി സ്കോട്ട്ലൻഡും പാപ്വാ ന്യൂഗിനിയെ തോൽപ്പിച്ച് ബംഗ്ലാദേശും ലോകകപ്പ് ടി20യുടെ സൂപ്പർ 12ൽ പ്രവേശിച്ചു. ഗ്രൂപ്പ് ചാമ്പ്യന്മാരായ സ്കോട്ട് ടീം ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് 2ൽ ആണ്. ബംഗ്ലാദേശ് ഗ്രൂപ്പ് 1ലും. ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചിട്ടുണ്ട്. നമീബിയ- അയർലൻഡ് മത്സര വിജയിയും സൂപ്പർ 12ൽ പ്രവേശിക്കും.

മികച്ച സ്കോർ കണ്ടെത്തുകയും പിന്നീട് പാപ്വാ ന്യൂഗിനിയെ എറിഞ്ഞിടുകയും ചെയ്താണ് ബംഗ്ലാദേശ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഷക്കീബ് അൽ ഹസ്സന്റെയും നായകൻ മുഹമ്മദുള്ളയുടെയും മികവിൽ ആണ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയത്. ഷക്കീബ് 37 പന്തിൽ 46ഉം മുഹമ്മദുള്ള 28 പന്തിൽ 50 റൺസും നേടി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാപ്വാ ന്യൂഗിനിയയുടെ ബാറ്റർമാർക്ക് ആർക്കും ഷക്കീബിന്റെയോ ബംഗ്ലാ ഫാസ്റ്റ് ബൗളർമാരുടെയോ മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. വിക്കറ്റ് കീപ്പർ കിപ്ലിൻ ഡോറികയുടെ 46 റൺസ് ആണ് വൻ നാണക്കേടിൽ നിന്നും ടീമിനെ രക്ഷിച്ചത്. കിപ്ലിന് പുറമെ 11 റൺസ് എടുത്ത ചാദ് സോപ്പാർ മാത്രമാണ് രണ്ടക്കം കടന്നത്. അവസാന ഓവറിൽ 97 റൺസിന് ടീം ഓൾ ഔട്ട് ആയി. ഷക്കീബ് 4 വിക്കറ്റ് വീഴ്ത്തി.

ഒമാൻ ഉയർത്തിയ 123 റൺസ് എന്ന വിജയ ലക്ഷ്യം സ്‌കോട്ട്‌ലൻഡ് വളരെ എളുപ്പത്തിൽ മറികടന്നു. 17ആം ഓവറിൽ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തികൊണ്ട് ടീം വിജയത്തിൽ എത്തി. 41 റൺസ് നേടിയ നായകൻ കെയ്ൽ കോയറ്റ്‌സർ,  31 റൺസ് നേടിയ റിച്ചി ബെറിങ്‌ടൺ, 26 റൺസ് നേടിയ മാത്യു ക്രോസ്സ്, 20 റൺസ് നേടിയ മുൻസി എന്നിവർ ബാറ്റ് കൊണ്ടു തിളങ്ങി.

നേരത്തെ 3 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഡേവ്ലി, 2 വിക്കറ്റ് വീതം വീഴ്ത്തിയ സഫ്യാൻ, ലിയസ്ക് എന്നിവർ ആണ് ഒമാൻ 122ൽ ഒതുക്കിയത്. ഒമാന് വേണ്ടി അഖിബ് ഇല്യാസ് 37ഉം നായകൻ സീഷാൻ മഖ്സൂദ് 34ഉം മുഹമ്മദ് നദീം 25 റൺസും നേടി.