സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ഓസ്ട്രേലിയയോട് 106 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
 | 
സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം

 

അഡ്‌ലെയ്ഡ്: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ഓസ്‌ട്രേലിയയോട് 106 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസീസ് 371 റൺസെടുത്തു. ഡേവിഡ് വാർണറുടേയും (83 പന്തിൽ 104 റൺസ്) ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും ( 57 പന്തിൽ 122 റൺസ്) ബാറ്റിങ് മികവിലാണ് ആതിഥേയർ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്ക് വേണ്ടി ഷാമി മൂന്ന്, ഉമേഷ് യാദവ്, മോഹിത് ശർമ എന്നിവർ രണ്ടും, ബിന്നി, പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45.1 ഓവറിൽ 265 റണ്ണിന് ഓൾ ഔട്ടായി. 66 റൺസെടുത്ത അജിങ്ക്യ രഹാനെ, 59 റൺസെടുത്ത ശിഖർ ധാവാൻ, 53 റൺസെടുത്ത അമ്പാട്ടി റായിഡു എന്നിവരുടെ ഇന്നിങ്‌സ് മാത്രമാണ് ഇന്ത്യയ്ക്ക് അൽപമെങ്കിലും ആശ്വാസം നൽകിയത്. വിരാട് കോഹ്‌ലി 18 റൺസ് എടുത്തപ്പോൾ റൺസ് ഒന്നും എടുക്കാതെ നായകൻ ധോണി പുറത്തായി. ഓസ്‌ട്രേലിയക്കുവേണ്ടി കമ്മിൻസ് മൂന്നും ഹേസൽവുഡ്, ജോൺസൺ, സ്റ്റാർക്ക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.