ജഡേജയ്ക്ക് പരുക്ക്; ലോകകപ്പ് ടീമിലേക്ക് യുവരാജിന് സാധ്യത
മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ സംഘത്തിന്റെ സാധ്യതാ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ട യുവരാജ് സിംഗ് വീണ്ടും ടീമിലെത്താൻ സാധ്യത. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പരുക്കിൽ കഴിയുന്നതാണ് യുവരാജിന് പ്രതീക്ഷയാകുന്നത്. ചൊവ്വാഴ്ച്ചയാണ് ടീമിന്റെ അന്തിമ പട്ടിക പ്രഖ്യാപിക്കുന്നത്.
ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരക്കിടെയാണ് രവീന്ദ്ര ജഡേജക്ക് പരുക്കേറ്റത്. ജഡേജ ഇപ്പോൾ ചെന്നൈയിൽ ചികിത്സയിലാണ്. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആരോഗ്യ സ്ഥിതി ജഡേജ ഇനിയും വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
2001ലെ ലോകകപ്പ് ടീമിലെ അംഗങ്ങളായിരുന്ന വിരേന്ദ്രർ സെവാഗ്, ഹർഭജൻ സിംഗ്, സഹീർഖാൻ തുടങ്ങിയവരെയും ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. സാധ്യതാ ലിസ്റ്റിൽ നിന്ന് യുവ് രാജിനെ ഒഴിവാക്കിയത് ഏറെ ചർച്ചയായിരുന്നു. അതിന് മറുപടിയായി രഞ്ജി ട്രോഫിയിൽ തുടരെ മൂന്നു സെഞ്ച്വറികളുമായി തിളങ്ങി നിൽക്കുകയാണ് യുവരാജ് സിംഗ്. 94.50 ശരാശരിയിൽ 567 റൺസെടുത്ത് ടോപ് സ്‌കോററാണ് യുവരാജ്.