പി.എം.ആര്‍ഷോയും കെ.വിദ്യയും വിവാഹിതരായി

തൃക്കരിപ്പൂര്‍ റജിസ്ട്രാര്‍ ഓഫിസിലായിരുന്നു വിവാഹം
 | 
PM Arsho K Vidya

എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ റജിസ്ട്രാര്‍ ഓഫിസിലായിരുന്നു വിവാഹം. വിദ്യ കാസര്‍കോട് തൃക്കരിപ്പൂർ സ്വദേശിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.


അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ലളിതമായ ചടങ്ങിൽ പങ്കെടുത്തത്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസി‍ഡന്റ് വി.പി. സാനു, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബറുമായ കെ. അനുശ്രീ തുടങ്ങിയവർ പങ്കെടുത്തു. പയ്യന്നൂരിലെ ഹോട്ടലിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് ആർഷോയും വിദ്യയും പാലക്കാട്ടേക്ക് പോകും.   


എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പൂർവവിദ്യാർഥിനിയായ കെ. വിദ്യയ്ക്കെതിരെ 2023ൽ പൊലീസ് കേസെടുത്തിരുന്നു. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. ‌കരിന്തളം ഗവ. കോളജ് അധികൃതർ നൽകിയ പരാതിയിലും വിദ്യക്കെതിരെ കേസെടുത്തിരുന്നു. വിദ്യയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് യുഡിഎഫ് ആരോപണം ഉന്നയിച്ചതോടെ കേസ് വലിയ വിവാദത്തിലായിരുന്നു.