ഡെൽ റഗ്ഡ് നോട്ട്ബുക്ക് ഇന്ത്യയിൽ; ചവിട്ടാം, എടുത്തെറിയാം, കൊടുംതണുപ്പിലും ചൂടിലും പ്രവർത്തിക്കും; വില കേട്ടാൽ ഞെട്ടും

കഠിനമായ ചൂടിലും തണുപ്പിലുമെല്ലാം ജോലി ചെയ്യുന്ന പ്രത്യേക വിഭാഗങ്ങൾക്കായി രൂപകൽപ്പന ചെയ്ത റഗ്ഡ് ലാപ്ടോപ്പുകൾ ഡെൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഖനികളിലും മറ്റും പ്രവർത്തിക്കുന്നവർക്കും മഞ്ഞുമൂടിയ പർവ്വതനിരകളിൽ കാവൽ നിൽക്കുന്ന സൈനികർക്കും മറ്റും ഉപയോഗിക്കാൻ കഴിയുന്ന ലാപ്ടോപ്പുകളാണ് ഇവ.
 | 

ഡെൽ റഗ്ഡ് നോട്ട്ബുക്ക് ഇന്ത്യയിൽ; ചവിട്ടാം, എടുത്തെറിയാം, കൊടുംതണുപ്പിലും ചൂടിലും പ്രവർത്തിക്കും; വില കേട്ടാൽ ഞെട്ടും
ന്യൂഡൽഹി:
കഠിനമായ ചൂടിലും തണുപ്പിലുമെല്ലാം ജോലി ചെയ്യുന്ന പ്രത്യേക വിഭാഗങ്ങൾക്കായി രൂപകൽപ്പന ചെയ്ത റഗ്ഡ് ലാപ്‌ടോപ്പുകൾ ഡെൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഖനികളിലും മറ്റും പ്രവർത്തിക്കുന്നവർക്കും മഞ്ഞുമൂടിയ പർവ്വതനിരകളിൽ കാവൽ നിൽക്കുന്ന സൈനികർക്കും മറ്റും ഉപയോഗിക്കാൻ കഴിയുന്ന ലാപ്‌ടോപ്പുകളാണ് ഇവ.

സാധാരണ ലാപ്‌ടോപ്പുകൾ കഠിനമായ സാഹചര്യങ്ങളിൽ സുഗമമായി പ്രവർത്തിക്കില്ല. ഇത്തരം കാര്യങ്ങൾ പരിഗണിച്ചുള്ള ഡിസൈനിംഗാണ് റഗ്ഡ് ലാപ്‌ടോപ്പുകളുടെ പ്രത്യേകത. കനത്ത മഴ, പൊടിക്കാറ്റ്, ഈർപ്പം എന്നിവയെല്ലാം ഈ മോഡലുകൾക്ക് അതിജീവിക്കാനാകും. 60 കിലോ വരെ ഭാരം താങ്ങാനും കഴിയും. ആറ് അടി പൊക്കത്തിൽ നിന്ന് താഴെ വീണാലും ഒന്നും പറ്റാത്ത തരത്തിലാണ് ഇതിലെ സംവിധാനങ്ങൾ.

എണ്ണപ്പാടങ്ങളിലും കൽക്കരി ഖനികളിലുമൊക്കെ പണിയെടുക്കുന്നവർക്കാകും ഈ മോഡലുകൾ ഏറ്റവും സഹായകമാവുക. മറ്റൊരു കൂട്ടർ ഹിമാലയൻ മലനിരകളിൽ ഇന്ത്യൻ അതിർത്തിക്ക് കാവൽ നിൽക്കുന്ന സൈനികരാണ്. മൈനസ് 29 ഡിഗ്രി സെൽഷ്യസ് മുതൽ 63 ഡിഗ്രി ചൂടിൽ വരെ നല്ല പ്രവർത്തനം കാഴ്ചവയ്ക്കാൻ റഗ്ഡ് മോഡലുകൾക്കാവുമെന്ന് കമ്പനി പറയുന്നു.

ഡെൽ ലാറ്റിറ്റിയൂഡ് 12, 14 എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം 2.39 ലക്ഷവും 2.29 ലക്ഷവുമാണ് വില. ഇന്റലിന്റെ ഐ3, ഐ7 പ്രോസസറുകളിൽ ഇവ ലഭ്യമാണ്.