ഫേസ്ബുക്കിൽ ഇനി ബിംഗ് സെർച്ച് റിസൾട്ടുകളിലില്ല
മൈക്രോസോഫ്റ്റിന്റെ ബിംഗ് സെർച്ച് എൻജിന്റെ റിസൾട്ടുകൾ ഒഴിവാക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചു. ഫേസ്ബുക്കിന്റെ സെർച്ച് ഓഫറിംഗുകൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു. പരിഷ്കരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഫേസ്ബുക്കിൽ പുതിയൊരു സെർച്ചിംഗ് ടൂളും നിലവിൽ വന്നിട്ടുണ്ട്. ഇതിലൂടെ യൂസർമാർക്ക് ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ പഴയ പോസ്ററുകളും കമന്റുകളും എളുപ്പം സെർച്ച് ചെയ്ത് കണ്ടുപിടിക്കാനാകും.
വെബ് സെർച്ച് ടെക്നോളജിയിൽ ഫേസ്ബുക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നതിന്റെ ഭാഗമായാണി പരിഷ്കാരങ്ങൾ. സെർച്ച് ടെക്നോളജിയിൽ ഗൂഗിളാണിപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത്. ഈ രംഗത്ത് ഗൂഗിളിന്റെ എതിരാളിയാകാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. സുഹൃത്തുക്കളെ എളുപ്പം കണ്ടെത്താനും 1.35 ബില്യൺ ഉപയോക്താക്കളുള്ള നെറ്റ് വർക്കിംഗ് സർവീസിൽ നിലവിലുളള വിവരങ്ങൾ എളുപ്പം കണ്ടെത്താനും ഫേസ്ബുക്കിലെ പുതിയ സെർച്ചിംഗ് ടൂളിലൂടെ സാധ്യമാകും.
കഴിഞ്ഞ കുറെ വർഷങ്ങളായി ഫേസ്ബുക്കിൽ ഒരു കാര്യം സെർച്ച് ചെയ്താൽ ബിംഗിൽ നിന്നുളള ലിങ്കുകൾ കൂടി അതിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. പുതിയ പരിഷ്കാരപ്രകാരം അതില്ലാതാകാൻ പോകുകയാണെന്നാണ് റിപ്പോർട്ട്. കമ്പനി സെർച്ചിംഗിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നതിന്റെ സൂചന ഫേസ്ബുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സുക്കർബർഗും കുറച്ച് മുമ്പ് നൽകിയിരുന്നു.
ഓരോ ദിവസവും ഫേസ്ബുക്കിൽ ഒരു ബില്യൺ സെർച്ച് സംബന്ധമായ അന്വേഷണങ്ങൾ വരുന്നുണ്ടെന്നും അതിനനുസൃതമായ മാറ്റങ്ങൾ ഫേസ്ബുക്കിൽ വരുത്തേണ്ട കാലമായെന്നും സുക്കർബർഗ് ജൂലൈയിൽ വെളിപ്പെടുത്തിയിരുന്നു. അതിനെത്തുടർന്നാണ് പുതിയ പരിഷ്കാരങ്ങൾ ഇപ്പോൾ എഫ്ബിയിൽ ഉണ്ടായിരിക്കുന്നത്.