വിൻഡോസ് 10 അടുത്തമാസം 29ന് പുറത്തിറങ്ങും

സിയാറ്റിൽ: മൈക്രോസോഫ്റ്റിന്റെ ഏറ്റവും പരിഷ്ക്കരിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 10 ഉൾപ്പെടുത്തിയ കമ്പ്യൂട്ടറുകളും ടാബുകളും അടുത്തമാസം 29ന് പുറത്തിറങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വേനൽക്കാലത്ത് ഇത് പുറത്തിറങ്ങുമെന്നാണ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
സ്റ്റാർട്ട് മെനു തിരിച്ച് വരുന്നു എന്നതാണ് വിൻഡോസ് 10ന്റെ പ്രത്യേകത. കൂടാതെ ഇത് പേഴ്സണൽ കമ്പ്യൂട്ടറിലും ടാബിലും മൊബൈൽ ഫോണുകളിലും ലഭ്യമാകും. മൊബൈൽ ഉപയോക്താക്കൾക്കായി എഡ്ജ് എന്നൊരു പുതിയ ബ്രൗസറും മൈക്രോസോഫ്റ്റ് ഇതിൽ ഒരുക്കിയിട്ടുണ്ട്.
വിൻഡോസ് 7നും 8.1ഉം ഉപയോഗിക്കുന്നവർക്ക് സൗജന്യമായി തന്നെ വിൻഡോസ് പത്തിലേക്ക് തങ്ങളുടെ കമ്പ്യൂട്ടറിനെ അപ്ഗ്രേഡ് ചെയ്യാനാകും. സ്മാർട്ട് ഫോണുകളിലും മറ്റും ഉപയോഗിക്കാനാകുന്ന വിധത്തിൽ വിൻഡോസ് 10 ഈ വർഷം അവസാനത്തോടെ മാത്രമേ ലഭ്യമാകൂ എന്നും കമ്പനി അറിയിച്ചു.