മരണശേഷം ഇനി ഫേസ്ബുക്ക് പ്രൊഫൈൽ അവകാശികൾക്ക് ഏറ്റെടുക്കാം
ന്യൂയോർക്ക്: ഓർമ്മകൾ നിലനിർത്തിക്കൊണ്ട് ഉപയോക്താവിന്റെ മരണശേഷവും ഫേസ്ബുക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമായി കമ്പനി രംഗത്ത്. ഒരാൾ ഉപയോഗിച്ചിരുന്ന അക്കൗണ്ട് അയാളുടെ മരണശേഷം മറ്റൊരാൾക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ സെറ്റിംഗ്സ് ഒരുക്കിയിരിക്കുന്നത്. നിലവിൽ അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമാക്കുക.
ഒരു നോമിനിയെ ഉപയോക്താവിന് തന്നെ നിശ്ചയിക്കാം. ലെഗസ്സി കോൺടാക്റ്റ് എന്നാണ് നോമിനി അറിയപ്പെടുക. പുതിയ സുഹൃത്തുക്കളെ സ്വീകരിക്കാനും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും സ്റ്റാറ്റസ് ഇടാനും ഇയാൾക്ക് സാധിക്കും. അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള അവകാശവും ഫേസ്ബുക്ക് ഇയാൾക്ക് അനുവദിച്ച് നൽകുന്നുണ്ട്. സെറ്റിംഗ്‌സിൽ സെക്യൂരിറ്റി എന്ന ബട്ടണിലാണ് സംവിധാനം ലഭിക്കുക. എന്നാൽ, ലെഗസ്സി കോൺടാക്റ്റിന് മരിച്ച ഉപയോക്താവിന്റെ സ്വകാര്യ മെസേജുകൾ വായിക്കുവാൻ സാധിക്കില്ല.