വാട്‌സാപ്പിന് പകരം ‘സന്ദേശ്’; പുതിയ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

വാട്സാപ്പിന് പകരം പുതിയ ഇന്സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് കേന്ദ്രസര്ക്കാര്.
 | 
വാട്‌സാപ്പിന് പകരം ‘സന്ദേശ്’; പുതിയ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാട്‌സാപ്പിന് പകരം പുതിയ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സന്ദേശ് എന്ന പേരിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നതെന്ന് ഐടി, ഇലക്ട്രോണിക്‌സ് വകുപ്പു സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞു. ഒരു മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ച് ഇതിലൂടെ എല്ലാത്തരത്തിലുമുള്ള ആശയവിനിമയം നടത്താനാകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും കേന്ദ്രത്തിന്റെ ഐടി വിഭാഗവും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ഈ ആപ്പ് ഉപയോഗിച്ചു വരുന്നുണ്ട്. വണ്‍-ടു-വണ്‍, ഗ്രൂപ്പ് മെസേജിംഗ്, ഫയല്‍, മീഡിയ ഷെയറിംഗ്, ഓഡിയോ വീഡിയോ കോളുകള്‍, ഇ-ഗോവ് ആപ്ലിക്കേഷന്‍ ഇന്റഗ്രേഷന്‍ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.

ഇപ്പോള്‍ ഗവണ്‍മെന്റ് ആണ് ഇത് ഉപയോഗിക്കുന്നതെങ്കിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. പുതിയ ഐടി നിയമത്തിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാരും വാട്‌സാപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആപ്പുമായി കേന്ദ്രം എത്തിയിരിക്കുന്നത്.