കമ്പ്യൂട്ടിംഗിൽ ഇന്ത്യൻ ഭാഷകളെ കൈപിടിച്ചു നടത്താൻ ഇനി മലയാളം

തിരുവനന്തപുരം: ഇന്ത്യൻ ഭാഷകൾക്ക് പൊതുവായി വേണ്ട സ്വതന്ത്ര സാങ്കേതിക അടിത്തറയുടെ നിർമ്മാണ പദ്ധതിക്ക് തുടക്കമായി. ഇൻഡിക് പ്രൊജക്ട് എന്ന് പേര് നൽകിയിട്ടുള്ള ഇൻഡലിനക്സ് സ്ഥാപകനും ഗൂഗിൾ ഇന്ത്യയുടെ മുൻ പോളിസി ഡയറക്ടറുമായ വെങ്കിടേഷ് ഹരിഹരൻ പ്രൊജക്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പതിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.
ഭാഷാ സാങ്കേതികവിദ്യ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ച സങ്കേതങ്ങളാണ് പദ്ധതിയുടെ അടിസ്ഥാനം. ഡെസ്ക്ടോപ്പും വെബ്ബും മൊബൈലും അടക്കമുള്ള മേഖലകളിൽ ഓരോ ഭാഷക്കും വേണ്ട കാര്യങ്ങൾ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യൻ ഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്ത് ഉണ്ടാവേണ്ട പ്രവർത്തനങ്ങളെപ്പറ്റി നാസ്കോമിന്റെ ദേവാങ് മെഹ്ത ഫൗണ്ടേഷനുവേണ്ടി താൻ നടത്തിയ പഠനം വെങ്കിടേഷ് ഹരിഹരൻ പങ്കുവച്ചു. ഇൻഡിക് പ്രൊജക്ട് പോലുള്ള സംരംഭങ്ങൾ ജനകീയ പിന്തുണയോടു കൂടിയ സാങ്കേതികവിദ്യാ വികസനത്തെ അടുത്ത പടിയിലേയ്ക്കുയർത്തുമെന്ന് കേരള സർക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രമോഷനുള്ള ഏജൻസിയായ ഐസിഫോസിന്റെ ഡയറക്ടർ സതീഷ് ബാബു അഭിപ്രായപ്പെട്ടു.
മലയാളത്തിന്റെ സമഗ്രമായ ഗ്രന്ഥസൂചി സോഫ്റ്റ്വെയറായ ഗ്രന്ഥം പ്രൊജക്ടിന്റെ പ്രകാശനം ഡോ.ബി.ഇക്ബാൽ നിർവഹിച്ചു. 21ാം നൂറ്റാണ്ടിൽ മലയാള ഭാഷയിൽ ഉണ്ടായ ഏറ്റവും ശക്തവും കാവ്യാത്മകവുമായ മുദ്രാവാക്യമാണ് ‘എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ’ എന്ന സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ മുദ്രാവാക്യമെന്ന് ഡോ. ബി. ഇക്ബാൽ അഭിപ്രായപ്പെട്ടു.
ഇവയ്ക്കു പുറമേ അഞ്ച് സോഫ്റ്റ്വെയർ പാക്കേജുകളും കേരളീയം, ചിലങ്ക എന്നീ മലയാളം ഫോണ്ടുകളും പ്രകാശനം ചെയ്തു. ഗൂഗിൾ സമ്മർ ഓഫ് കോഡിന്റെ ഭാഗമായി നിർമ്മിച്ച ഫയർഫോക്സ് മൊബൈലിനുള്ള ഇൻഡിക് കീബോർഡ്, ലിബ്ഇൻഡിക് ആൻഡ്രോയ്ഡ് ഡെവലപ്പർ ലൈബ്രറി, വർണ്ണം പ്രഡിക്റ്റീവ് ഇൻപുട്ട് ലൈബ്രറി, ഐബസ് ശാരദ ബ്രെയിൽ കീബോർഡ്, ഡയസ്പോറ സോഷ്യൽ നെറ്റ്വർക്കിന്റെ ഭാഷാ അരിപ്പ, എന്നിവയാണ് പ്രകാശനം ചെയ്ത പ്രൊജക്ടുകൾ.